KeralaNEWS

കുട്ടിയുടെ നാവിന് തകരാറുണ്ടായിരുന്നു, ബന്ധുക്കളെ അറിയിക്കാതിരുന്നത് വീഴ്ച; അവയവം മാറി ശസ്ത്രക്രിയയില്‍ അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡി.എം.ഇക്ക് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

നാവിന് പ്രശ്നങ്ങള്‍ കണ്ടതിനാലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, നാവിന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പ് ബന്ധുക്കളെ ഇക്കാര്യം അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാക്കാലെങ്കിലും അറിയിക്കണമായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Signature-ad

അതേസമയം, മെഡിക്കല്‍ ബോര്‍ഡ് ചേരണമെന്ന ആവശ്യവുമായി പോലീസ് ഡി.എം.ഒയ്ക്ക് കത്തുനല്‍കും. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തിയേക്കും. വ്യാഴാഴ്ച രാവിലെയാണ് കൈവിരലിന് ചികിത്സതേടിയെത്തിയ ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശികളുടെ മകള്‍ക്ക് നാവിന് കെട്ട് (ടങ്ങ് ടൈ) മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്.

സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടുകയും അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കുട്ടി വ്യാഴാഴ്ചതന്നെ ആശുപത്രി വിട്ടു.

Back to top button
error: