IndiaNEWS

റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ക്ക് പരിക്കില്ല

മുംബൈ: പുണെ വിമാനത്താവളത്തില്‍ റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ച് എയര്‍ ഇന്ത്യ വിമാനം. ഡല്‍ഹിയിലേക്ക് പുറപ്പെടാനായി നീങ്ങിയ വിമാനമാണ് ടഗ് ട്രാക്ടറിലിടിച്ചത്. അപകടസമയത്ത് 180 യാത്രക്കാരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്കും വിമാനജീവനക്കാര്‍ക്കും പരിക്കുകളൊന്നും ഇല്ലെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പുണെയില്‍ നിന്നും വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. ടഗ് ട്രാക്ടര്‍ ഉപയോഗിച്ച് വിമാനം റണ്‍വേയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ വിമാനത്തിന്റെ മുന്‍വശത്തിനും ലാന്‍ഡിങ് ഗിയറിനടുത്തുള്ള ടയറിനും കേടുപാടുകള്‍ സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.

Signature-ad

യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ 858 വിമാനം അറ്റകുറ്റ പണികള്‍ക്കായി മാറ്റിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അറിയിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

യാത്രക്കാരുടെ ലഗേജും മറ്റ് സാധനങ്ങളും വിമാനത്താവളത്തില്‍നിന്നും വിമാനത്തിലേക്ക് എത്തിക്കാനുപയോഗിക്കുന്ന വാഹനങ്ങളാണ് ടഗ് ട്രാക്ടറുകള്‍. അവശ്യഘട്ടങ്ങളില്‍ വിമാനങ്ങളെ ട്രാക്കിലേക്ക് വലിച്ചുകൊണ്ടുവരാനും ടഗ് ട്രാക്ടറുകള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ വിമാനത്തെ ട്രാക്കിലേക്ക് വലിച്ചുകൊണ്ടുവരുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത് – ഡി.ജി.സി.എ. പറഞ്ഞു.

Back to top button
error: