ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘സ്പെസി ചിപ്പ് ചലഞ്ചില്‍’ പങ്കെടുത്ത പതിനാലുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. യു.എസിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയിലെ ‘വണ്‍ ചിപ്പ് ചലഞ്ചില്‍’ പങ്കെടുത്ത മസാച്യുസെറ്റ്‌സ് സ്വദേശി ഹാരിസ് വോലോബയാണ് മരിച്ചത്. വളരെ എരിവേറിയ ടോര്‍ട്ടില്ല ചിപ്പ് കഴിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
സെപ്തംബറില്‍ മരിച്ച ഹാരിസ് വോലോബയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. മുളകിലടങ്ങിയ ക്യാപ്സൈസിന്‍ കൂടുതലായി ശരീരത്തെത്തിയതിനെ തുടര്‍ന്നാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഹാരിസിന് ഹൃദയം വലുതാകുന്ന കാര്‍ഡിയോമെഗാലി എന്ന രോഗാവസ്ഥയും ഉണ്ടായിരുന്നു. ഇതും മരണത്തിന് കാരണമായെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹാരിസ് വോലോബയുടെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി സ്പൈസി ചിപ്പ് നിര്‍മാതാക്കളായ പാക്വി അറിയിച്ചു. പത്താംക്ലാസുകാരന്റെ മരണത്തിന് പിന്നാലെ ചിപ്പ് കമ്പനി പിന്‍വലിക്കുകയും ചെയ്തു. 10 ഡോളറാണ് ഒരു പാക്വി ചിപ്പിന്റെ വില. ശവപ്പെട്ടിയുടെ ആകൃതിയിലുള്ള ബോക്സിലാണ് ഇത് പാക് ചെയ്ത് വിപണിയിലെത്തുന്നത്. കുട്ടികള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുണ്ടായിട്ടും ചിപ്പ് ചലഞ്ചില്‍ നിരവധി കൗമാരക്കാര്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
കാലിഫോര്‍ണിയയില്‍ വണ്‍ചിപ്പ് ചലഞ്ചിന് ശ്രമിച്ച മൂന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്പൈസി ചിപ്പ് കഴിച്ചതിന് ശേഷം വെള്ളവും മറ്റ് ഭക്ഷണവും കഴിക്കാതെ എത്രനേരം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നതാണ് വണ്‍ ചിപ്പ്ചലഞ്ച്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതാണ് ചിപ്പിന്റെ വില്‍പ്പനയില്‍ പ്രധാനപങ്കുവഹിക്കുന്നത്.