കാസര്‍കോട്: പടന്നക്കാട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യം മീഡിയവണിന് ലഭിച്ചു.സംഭവം നടന്ന ദിവസം പുലര്‍ച്ചെ കുട്ടിയുടെ വീടിന്റെ ഭാഗത്തേക്ക് നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
30 വയസിനടുത്ത് പ്രായമുള്ള യുവാവാണ് പൊലീസിന്റെ പിടിയിലുള്ളതെന്നാണ് സൂചന. പാന്റും ഷര്‍ട്ടും ധരിച്ച യുവാവ് പുലര്‍ച്ച മൂന്ന് മണിക്ക് പെണ്‍കുട്ടിയുടെ വീടിന്റെ അടുത്തുകൂടി നടന്നുപോകുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. ഇതോടെയാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്.
കഞ്ചാവ് ഉള്‍പെടെയുള്ള ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറയുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റര്‍ അകലെയാണ് പ്രതിയുടെ വീട്. പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന. ഡിഐജി തോംസണ്‍ ജോസ്, ജില്ലാ പൊലീസ് മേധാവി പി ബിജോയ് എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 4 ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ലഹരി മാഫിയ സംഘാംഗങ്ങളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണ് പ്രതിയെന്നാണ് വിവരം.