KeralaNEWS

ഒരുവട്ടംകൂടി കൃഷ്ണകുമാരിയുടെ കരംപിടിച്ച് സുബ്രഹ്‌മണ്യന്‍; 14 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ ദമ്പതികള്‍ക്ക് പുനര്‍വിവാഹം

ആലപ്പുഴ: 14 വര്‍ഷം മുമ്പ് വിവാഹമോചനത്തിലൂടെ വേര്‍പിരിഞ്ഞ ദമ്പതികള്‍ ജീവിതയാത്രയില്‍ ഒരിക്കല്‍ക്കൂടി ഒന്നായി. മാതാപിതാക്കളുടെ ഒരുമിക്കലിനു സ്നേഹമധുരവുമായി ഏക മകള്‍ സാക്ഷിയായെത്തിയതോടെ ഇരട്ടിസന്തോഷം. ഇനിയുള്ള ഇവരുടെ യാത്ര ഒരുകുടക്കീഴില്‍.
നിരവധി ദമ്പതികളുടെ വഴിപിരിയലിനു വേദിയായ ആലപ്പുഴ കുടുംബ കോടതി വളപ്പിലായിരുന്നു അത്യപൂര്‍വമായ ഒത്തുചേരല്‍. ആലപ്പുഴ കളര്‍കോട് സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനുമായ സുബ്രഹ്‌മണ്യ(56)നും ആലപ്പുഴ കുതിരപ്പന്തി രാധാനിവാസില്‍ കൃഷ്ണകുമാരി (49)യുമാണ് ഇന്നലെ രാവിലെ കോടതി വളപ്പില്‍ ഒരുമിച്ചത്.

2006 ഓഗസ്റ്റ് 31നായിരുന്നു ഇവരുടെ വിവാഹം. 2008-ല്‍ മകള്‍ ജനിച്ചു. അഭിപ്രായഭിന്നതകള്‍ വളര്‍ന്നതോടെ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ച് കോടതിയെ സമീപിച്ചു. 2010 മാര്‍ച്ച് 29ന് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി. വാടയ്ക്കല്‍ അംഗന്‍വാടിയിലെ ഹെല്‍പ്പറായ കൃഷ്ണകുമാരിക്ക് ഒന്നര ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടെ മടക്കിനല്‍കിയാണ് സുബ്രഹ്‌മണ്യന്‍ വഴിപിരിഞ്ഞത്.
മകളുടെ ചെലവിനായി ജീവനാംശം കിട്ടണമെന്ന് ആവശ്യപ്പെട്ട് 2020-ല്‍ കൃഷ്ണകുമാരി ആലപ്പുഴ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിമാസം 2000 രൂപ നല്‍കാനായിരുന്നു വിധി. ഇതിനെതിരേ സുബ്രഹ്‌മണ്യന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയ കോടതി പ്രശ്നം രമ്യമായി പരിഹരിക്കാനും നിര്‍ദേശിച്ചു.

Signature-ad

കേസ് വീണ്ടും കുടുംബകോടതി ജഡ്ജി വിദ്യാധരന്റെ മുന്നിലെത്തി. അദ്ദേഹത്തിന്റെകൂടി ഇടപെടലിലാണ് മഞ്ഞുരുകിയത്. മകളുടെ സംരക്ഷണത്തിനും ശോഭനമായ ഭാവിക്കുമായി ഒരുമിച്ച് താമസിക്കാനുള്ള നിര്‍ദേശം ഇരുവരും അംഗീകരിക്കുകയായിരുന്നു. ഇരുവരുടെയും അഭിഭാഷകരും അനുകൂലമായ നിലപാട് സ്വീകരിച്ചു. പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ സുബ്രഹ്‌മണ്യനും കൃഷ്ണകുമാരിയും കോടതിയില്‍ സമര്‍പ്പിച്ചു.

ഏകമകളുടെ ഭാവി കണക്കിലെടുത്താണ് ഒരുമിക്കാനുള്ള തീരുമാനമെടുത്തതെന്ന് ഇരുവരും പറഞ്ഞു. കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ മകള്‍ അഹല്യ എസ്. നായരായിരുന്നു അച്ഛനമ്മമാര്‍ വീണ്ടും ഒന്നിക്കുന്നതില്‍ ഏറെ ആഹ്ളാദിച്ചത്. കോടതിയില്‍നിന്ന് പുറത്തിറങ്ങിയ ദമ്പതികള്‍ മധുരം നുകര്‍ന്നാണ് പുതുജീവിതത്തിലേക്ക് പ്രവേശിച്ചത്. സുബ്രഹ്‌മണ്യനുവേണ്ടി അഭിഭാഷകരായ ആര്‍. രാജേന്ദ്രപ്രസാദ്, എസ്.വിമി, ജി.സുനിത എന്നിവരും കൃഷ്ണകുമാരിക്കുവേണ്ടി അഡ്വ. സൂരജ് ആര്‍. മൈനാഗപ്പള്ളിയും ഹാജരായി.

 

 

Back to top button
error: