കോഴിക്കോട്: പന്തീരാങ്കാവില്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന നവവധുവിന്റെ പരാതി ഭാഗികമായി തള്ളി പ്രതിയുടെ അമ്മ ഉഷ. മകന്‍ രാഹുല്‍ യുവതിയെ മര്‍ദ്ദിച്ചെന്നും എന്നാല്‍, സ്ത്രീധനത്തിന്റെ പേരിലല്ല മര്‍ദ്ദിച്ചതെന്നും അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ ഫോണില്‍ എത്തിയ മെസേജുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മര്‍ദത്തിലെത്തിയതെന്ന് അവര്‍ വ്യക്തമാക്കി.
”അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കമുണ്ടായി. സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായിട്ടില്ല. യുവതി വിവാഹം കഴിഞ്ഞ് വന്ന ശേഷം കുടുംബത്തിലെ മറ്റുള്ളവരുമായി യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് വന്നിരുന്നത്. പടികയറാന്‍ വയ്യാത്തതിനാല്‍ ഞാന്‍ മുകളിലേക്ക് പോകാറില്ല. മര്‍ദ്ദനം നടക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇന്നലെ വൈകിട്ട് മൂന്ന് മണിവരെ രാഹുല്‍ വീട്ടില്‍ ഉണ്ടായിരുന്നു” -ഉഷ പറഞ്ഞു.
അതേസമയം, ഒളിവില്‍പ്പോയ ഭര്‍ത്താവ് രാഹുലിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇയാള്‍ക്കെതിരെ വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ അഞ്ചിന് ഗുരുവായൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പതിനൊന്നിനാണ് യുവതിയെ മര്‍ദ്ദിച്ചത്. കോട്ടയം സ്വദേശിയായ രാഹുല്‍ കോഴിക്കോട് താമസിക്കാന്‍ തുടങ്ങിയിട്ട് നാലോ അഞ്ചോ വര്‍ഷമേ ആയിട്ടുള്ളൂ.
ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ കുടുംബം മുഖ്യമന്ത്രി, വനിതാ കമ്മിഷന്‍, എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പന്തീരാങ്കാവ് പൊലീസ് തുടക്കത്തില്‍ കേസെടുക്കാന്‍ വിമുഖത കാണിച്ചതായും ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചതായും പെണ്‍കുട്ടിയുടെ പിതാവ് മുന്‍പ് പറഞ്ഞിരുന്നു.