CrimeNEWS

സംശയം, പുരുഷന്മാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തു, മൊബൈല്‍ പിടിച്ചുവച്ചു; നേരിട്ടത് കൊടിയ മര്‍ദ്ദനമെന്ന് നവവധു

കൊച്ചി: ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചതായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നവവധു പറഞ്ഞു. സംശയത്തിന്റെ പേരിലാണ് പുലര്‍ച്ചെ രണ്ടു മണിയോടെ മദ്യപിച്ചെത്തിയ രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കി. ബെല്‍റ്റ് കൊണ്ട് അടിച്ചു എന്നും യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് യുവതി ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്.

ബെല്‍റ്റിന് അടിച്ചതു കൂടാതെ തല ഭിത്തിയില്‍ ഇടിപ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായി. മൂക്കില്‍ നിന്നും ചോര വരികയും ചെയ്തിരുന്നു. ഭര്‍ത്താവും സുഹൃത്തും ചേര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും യുവതി പറയുന്നു. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയാണ് വിവാഹാലോചന വന്നത്. വിവാഹത്തിന് ശേഷം രാഹുലിന് സംശയമായിരുന്നു. കൂടെ ജോലി ചെയ്യുന്നവര്‍ അടക്കമുള്ള പുരുഷന്മാരുടെ ഫോണ്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തിരുന്നു എന്നും യുവതി പറഞ്ഞു.

Signature-ad

വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം അടുക്കള കാണല്‍ ചടങ്ങിനായി കോഴിക്കോട്ടെ ഭര്‍തൃവീട്ടില്‍ എത്തുമ്പോള്‍, മര്‍ദ്ദനമേറ്റ് മകളെ കാണാന്‍ പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധം വിരുപമായിരുന്നു. നെറ്റിയെല്ലാം മുഴച്ച്, മൂക്കില്‍ നിന്നും രക്തം പന്ന പാടുകളോടെയാണ് മകളെ കണ്ടത്. ചോദിച്ചപ്പോള്‍ കുളിമുറിയില്‍ വീണതാണ് എന്നാണ് പറഞ്ഞത്. എക്‌സ്‌റേ എടുത്തോ എന്നു ചോദിച്ചപ്പോള്‍ അതിനുള്ള കുഴപ്പമൊന്നും അവള്‍ക്കില്ല എന്നായിരുന്നു മറുപടിയെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് കോഴിക്കോട് പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന സ്‌നേഹതീരത്തില്‍ രാഹുല്‍ പി ഗോപാല്‍ (29) നെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ജര്‍മനിയില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറാണ് രാഹുല്‍. മര്‍ദ്ദനമേറ്റ എറണാകുളം പറവൂര്‍ സ്വദേശിനിയായ യുവതി പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാഹുലിന്റെ അമ്മയും സഹോദരിയും സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണവും കാറും ആവശ്യപ്പെട്ട് മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവതിയുടെ അച്ഛന്‍ പറഞ്ഞു.

 

Back to top button
error: