CrimeNEWS

കഴക്കൂട്ടത്ത് ഉത്സവത്തിനിടെ സംഘര്‍ഷം; പോലീസുകാരെ ആക്രമിച്ചു, കാര്‍ കത്തിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനദിവസമായ തിങ്കളാഴ്ച ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ സംഘംചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ പോലീസുകാരനു ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സംഭവത്തില്‍ മദ്യലഹരിയില്‍ കാറോടിച്ചവര്‍ വഴിയാത്രക്കാരെ ഇടിച്ചിടുകയും ഇതേ കാര്‍ അജ്ഞാതര്‍ കത്തിക്കുകയും ചെയ്തു.

സമയം അവസാനിച്ചപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ഉച്ചഭാഷിണി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ എതിര്‍ക്കുകയും പോലീസിനു നേരേ തട്ടിക്കയറുകയുമായിരുന്നു. തുടര്‍ന്ന് പത്തോളംപേര്‍ ചേര്‍ന്ന് പോലീസിനെ ആക്രമിച്ചു. അതിനിടെയാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എ.ആര്‍. ക്യാമ്പില്‍നിന്നുള്ള പോലീസുകാരന്‍ കൊല്ലം ചിതറ സ്വദേശി റിയാസിന് കമ്പികൊണ്ട് തലയ്ക്കടിയേറ്റത്. ഇദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. കഴക്കൂട്ടം ഇലിപ്പക്കുഴി പുതുവല്‍ പുത്തന്‍വീട്ടില്‍ സജിത്ത് (39), വിദ്യാധരന്‍(57), അജിത്ത്(39), വാറുവിളാകത്ത് വീട്ടില്‍ വിവേക്(26), പുല്ലാട്ടുകരി ലക്ഷംവീട്ടില്‍ സനില്‍(28), ദീപു (27) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

Signature-ad

മറ്റൊരു സംഭവത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ ക്ഷേത്രത്തിന്റെ വശത്തെ റോഡില്‍ക്കൂടി കാറില്‍ മദ്യലഹരിയില്‍ വന്ന നാലംഗസംഘം നടന്നുവരുകയായിരുന്ന നിരവധിപേരെ ഇടിച്ചിടുകയും ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും കാര്‍ തടഞ്ഞിടുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭാഗത്ത് കാര്‍ നിര്‍ത്തിയിട്ടശേഷം ഇവരെ പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് പുലര്‍ച്ചെ 4 മണിയോടെ ഈ കാര്‍ അജ്ഞാതര്‍ കത്തിക്കുകയായിരുന്നു. കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

 

Back to top button
error: