കോട്ടയം: രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്ന് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ധാരണ. സീറ്റ് വേണമെന്ന നിലപാട് ഇടതുമുന്നണി യോഗത്തില്‍ സ്വീകരിക്കും. സീറ്റാവശ്യം സജീവമായി നിലര്‍ത്താനാണ് ശ്രമം.വിലപേശല്‍ രാഷ്ട്രീയത്തില്‍ മുന്നണികളെ വട്ടം കറക്കിയ ചരിത്രമുണ്ട് കേരളാ കോണ്‍ഗ്രസ് എമ്മിന്. യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോള്‍ കൃത്യമായി നടപ്പാക്കി വിജയിച്ച രാഷ്ട്രീയ തന്ത്രം വീണ്ടും പയറ്റുകയാണ് പാര്‍ട്ടി.
ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് അവകാശവാദം ശക്തമാക്കും. യു.ഡി.എഫ് വിട്ടു വന്നപ്പോള്‍ രാജ്യസഭ സീറ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നെന്നും അത് നല്‍കണമെന്നും മുന്നണി യോഗത്തില്‍ ഉന്നയിക്കും. ഇടതു സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയ്ക്ക് കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം സഹായകരമായെന്നും ചൂണ്ടിക്കാട്ടും.
കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തില്‍ രാജ്യസഭ സീറ്റില്‍ വിട്ടു വീഴ്ച ചെയ്യേണ്ടന്ന പൊതു അഭിപ്രായമാണ് ഉയര്‍ന്നത്. അധിക ലോക്‌സഭാ സീറ്റെന്ന ആവശ്യം ഇടതു മുന്നണി നിരസിച്ചതിലും കേരളാ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയ്ക്ക് പാര്‍ലമെന്ററി സ്ഥാനം ഇല്ലാതെ വന്നാല്‍ എതിരാളികള്‍ വിഷയം ആയുധമാക്കുമെന്നതും കേരളാ കോണ്‍ഗ്രസിന്റെ സമര്‍ദത്തിനു കാരണമാണ്.