KeralaNEWS

കാറില്‍ ‘കൈയും തലയും’ പുറത്തേക്കിട്ട് യാത്ര; യുവാക്കള്‍ക്കെതിരെ കേസെടുത്തില്ല, പകരം നല്‍കിയ ശിക്ഷ ഇത്

ആലപ്പുഴ : കായംകുളം കെ പി റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി). ഞായറാഴ്ച ഉച്ചയ്ക്ക് കായംകുളം രണ്ടാംകുറ്റിക്കും കറ്റാനത്തിനും ഇടയിലായിരുന്നു വിവാഹത്തിന് പോവുകയായിരുന്ന ഏഴംഗസംഘം കാറില്‍ നിന്ന് തലയും ശരീരവും പുറത്തേക്കിട്ട് യാത്ര ചെയ്തത്. കാറിലുണ്ടായിരുന്ന സംഘത്തില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ താക്കീത് നല്‍കി വിട്ടയച്ചു. മറ്റൊരാള്‍ നടുവിലെ സീറ്റിലായിരുന്നതിനാല്‍ തലയോ ശരീരമോ പുറത്തേക്ക് ഇട്ടിരുന്നില്ല.

ഓച്ചിറ സ്വദേശികളായ മാഹിന്‍ അബ്ദുള്‍ കരീം, ആഷിഖ്, ഷാമോന്‍, എ.ഹസ്സന്‍ എന്നിവരെ ശിക്ഷാനടപടിയുടെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പിന്റെ എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവിംഗ് ആന്‍ഡ് ട്രാഫിക് റിസര്‍ച്ചില്‍ എട്ട് ദിവസത്തെ പരിശീലനത്തിന് അയയ്ക്കും. അഞ്ച് ദിവസം ഇന്‍സ്റ്റിറ്റ്യൂട്ടിലും മൂന്ന് ദിവസം പാലിയേറ്റിവ് കെയറിലുമാകും ഇവരെ നിയോഗിക്കുക. ജൂണ്‍ മൂന്നിന് ആരംഭിക്കുന്ന ബാച്ചില്‍ പ്രവേശിക്കുന്നതിന് ഇവര്‍ സമ്മതപത്രം നല്‍കി. പ്രതികളുടെ പ്രായം കണക്കിലെടുത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ നല്ലനടപ്പ് ശിക്ഷയ്ക്ക് വിധേയരാക്കുന്നത്.

Signature-ad

കാറില്‍ അപകടകരമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതിയായി ലഭിച്ചിരുന്നു. ഇതോടെ പ്രതികള്‍ വാഹനം ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍.സി റദ്ദാക്കുമെന്ന മുന്നറിയിപ്പ് ആലപ്പുഴ ആര്‍.ടി.ഒ എ.കെ.ദിലു നല്‍കിയിരുന്നു. ഓച്ചിറ മേമന സ്വദേശി മറിയത്തിന്റെ പേരിലുള്ള കാര്‍ ഇന്നലെ രാത്രി 8.30ഓടെ അന്വേഷണസംഘം പിടിച്ചെടുത്തത്. കാറോടിച്ചിരുന്ന ഓച്ചിറ സ്വദേശി മര്‍ഫീന്‍ അബ്ദുള്‍ കരീമിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ വാഹനഉടമയുടെ സഹോദരനാണ്.

 

 

Back to top button
error: