കൊച്ചി: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നതോടെ മാര്‍ജിനിലെ സമ്മര്‍ദ്ദം മൂലം പൊതു മേഖല എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഇടിഞ്ഞു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ പ്രധാന എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ അറ്റാദായത്തില്‍ 25 മുതല്‍ 40 ശതമാനം വരെ ഇടിവാണുണ്ടായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര ഇന്ധന വിലയില്‍ മാറ്റം വരുത്താന്‍ കഴിയാതിരുന്നതാണ് കമ്പനികളുടെ ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലം നടപ്പുവര്‍ഷത്തിന്റെ തുടക്കം മുതല്‍ ക്രൂഡ് വില 80 ഡോളറിന് മുകളില്‍ തുടരുകയാണ്. നിലവില്‍ പെട്രോള്‍, ഡീസല്‍ എന്നിവ ഉത്പാദന ചെലവിലും കുറഞ്ഞ വിലയിലാണ് ഇന്ത്യന്‍ വിപണിയില്‍ വില്ക്കുന്നതെന്ന് കമ്പനികള്‍ പറയുന്നു.
മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ. ഒ. സി) അറ്റാദായം 40 ശതമാനം ഇടിവോടെ 4,837.69 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 1.4 ശതമാനം കുറഞ്ഞ് 2.2 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐ. ഒ. സിയുടെ റിഫൈനിംഗ് മാര്‍ജിന്‍ ബാരലിന് 12.05 ഡോളറായാണ് താഴ്ന്നത്.
അവലോകന കാലയളവില്‍ ഹിന്ദുസ്ഥാന്‍ ഓയിലിന്റെ അറ്റാദായം 25 ശതമാനം കുറഞ്ഞ് 2,709.31 കോടി രൂപയിലെത്തി. മൊത്തം വരുമാനം ആറ് ശതമാനം കുറഞ്ഞ് 1.2 ലക്ഷം കോടിയായി. എച്ച്. പി. സി. എല്ലിന്റെ റിഫൈനിംഗ് മാര്‍ജിന്‍ മുന്‍വര്‍ഷത്തെ ബാരലിന് 14.01 ഡോളറില്‍ നിന്ന് 6.95 ഡോളറായി താഴ്ന്നു.
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ അറ്റാദായം മാര്‍ച്ചുവരെയുള്ള ആദ്യ പാദത്തില്‍ 30 ശതമാനം കുറഞ്ഞ് 4,789.57 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ അറ്റാദായം 6,870.47 കോടി രൂപയായിരുന്നു. മൊത്തം വിറ്റുവരവ് ഇക്കാലയളവില്‍ 1.32 ലക്ഷം കോടി രൂപയിലെത്തി. റിഫൈനിംഗ് മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 20.24 ഡോളറില്‍ നിന്ന് 14.14 ഡോളറായി കുറഞ്ഞു.