തിരുവനന്തപുരം: ജില്ലാ കലക്ടറെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതിന് ജോയിന്റ് കൗണ്‍സില്‍ നേതാവിന് കാരണം കാണിക്കല്‍ നോട്ടീസ്. ജോയിന്റ്കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കലിനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് നാളെ എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനാണ് ജോയിന്റ് കൗണ്‍സില്‍ തീരുമാനം.
കുഴിനഖ ചികിത്സക്കായി തിരുവനന്തപുരം ജില്ല ജനറല്‍ ആശുപത്രിയില്‍ ഒ.പി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കലക്ടര്‍ ജെറോമിക് ജോര്‍ജ് വീട്ടിലേക്ക് വിളിച്ചുവരുത്തിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ കെ.ജി.എം.ഒ അടക്കം രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ നടന്നത്തിയ ചാനല്‍ ചര്‍ച്ചയിലാണ് ജയചന്ദ്രന്‍ കല്ലിങ്കല്‍ കലക്ടറെ വിമര്‍ശിച്ചത്. ഒരു തഹസില്‍ദാര്‍ക്ക് അവധി നിഷേധിച്ചതടക്കമുള്ള ആരോപണവും ജയചന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു.
തനിക്കെതിരായ നടപടി വൈകാരികമായ പ്രതികരണമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്കല്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തയിട്ടില്ല. സര്‍വീസ് സംഘടന നേതാവ് എന്ന നിലയില്‍ തന്റെ കര്‍ത്തവ്യം നിറവേറ്റുകയായിരുന്നുവെന്നും ജയചന്ദ്രന്‍ പറഞ്ഞു.