KeralaNEWS

വേനൽ മഴ ആശ്വാസമായി: വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ നിന്ന് താഴോട്ട്; 3 ദിവസങ്ങളിലായി ഒരുകോടി യൂണിറ്റിന്‍റെ കുറവ്

    ഇടുക്കി: സംസ്ഥാനത്ത് പരക്കെ വേനൽമഴ ലഭിച്ചത് വൈദ്യുതി വകുപ്പിന് ആശ്വാസമായി. പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂണിറ്റിന്‍റെ കുറവാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഉണ്ടായത്​. ശരാശരി 10 കോടി യൂണിറ്റായിരുന്നത് വേനൽ മഴയെത്തുടർന്ന്​ 9 കോടി യൂണിറ്റിന്​ താഴെയായി കുറഞ്ഞു.

പ്രാദേശികമായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണവും ഉപഭോഗം കുറയാൻ കാരണമായി. ഇതോടെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ 43 ലക്ഷം യൂണിറ്റിന്‍റെയും പുറത്തുനിന്ന്​ എത്തിക്കുന്ന വൈദ്യുതിയിൽ 50.9 ലക്ഷം യൂണിറ്റിന്റെയും കുറവുണ്ടായി. വേനൽചൂട് കത്തിനിന്ന മേയിൽ പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തിയിരുന്നു.

മേയ് 3നാണ്​ 11.59 കോടി യൂണിറ്റെന്ന റെക്കോഡിൽ എത്തിയത്​. മഴ വന്നതോടെ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക്​ വർധിച്ചു. ഈ മാസം 237.24 ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്ക് വെള്ളം ഒഴുകിയെത്തിയിട്ടുമുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: