ബംഗളൂരു: വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ടെക്കി യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. ബംഗളൂരുവിലെ വാട്ടര്‍ പ്യൂരിഫയര്‍ ടെക്നീഷ്യനായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേയ് നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.
ബംഗളൂരുവിലെ ബേഗൂരില്‍ താമസിക്കുന്ന 30-കാരിക്ക് നേരേയാണ് വാട്ടര്‍ പ്യൂരിഫയര്‍ സര്‍വീസിനെത്തിയ ടെക്നീഷ്യന്‍ അതിക്രമം കാട്ടിയത്. സംഭവദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് പ്യൂരിഫയര്‍ സംബന്ധിച്ചുള്ള പ്രശ്നം പരാതിക്കാരി വിവരിച്ചുനല്‍കി. തുടര്‍ന്ന് ടെക്നീഷ്യന്‍ വീടിനകത്ത് പ്രവേശിക്കുകയും ജോലി ആരംഭിക്കുകയുംചെയ്തു. ഇതിനിടെ, വീടിന്റെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാനും പ്രതി ആവശ്യപ്പെട്ടിരുന്നു.
ടെക്നീഷ്യനെ ജോലി ഏല്‍പ്പിച്ച പരാതിക്കാരി അടുക്കളയിലേക്ക് പോയി. ഇതിനിടെയാണ് ടെക്നീഷ്യന്‍ അടുക്കളയിലെത്തി യുവതിയെ കടന്നുപിടിച്ചത്. ഉടന്‍തന്നെ യുവതി ഇയാളെ തള്ളിമാറ്റി. പിന്നാലെ ഇയാളെ തളളി പുറത്താക്കുകയും അടുക്കള വാതില്‍ അകത്തുനിന്ന് പൂട്ടുകയുംചെയ്തു. തുടര്‍ന്ന് സമീപത്തുള്ള സുഹൃത്തിനെ ഫോണില്‍വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. വിവരമറിഞ്ഞ് സുഹൃത്ത് വീട്ടിലെത്തിയപ്പോള്‍ പ്രതി അടുക്കളയുടെ ജനലിന് സമീപം നില്‍ക്കുകയായിരുന്നു. സുഹൃത്ത് ഇയാളെ ചോദ്യംചെയ്തതോടെ പ്രതി ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് സുഹൃത്തായ യുവാവ് വീടിനകത്തുണ്ടായിരുന്ന ഒരു വടി കൊണ്ട് പ്രതിയെ നേരിടുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റതോടെ ടെക്നീഷ്യന്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടി.
സംഭവത്തിന് പിന്നാലെ യുവതി ബേഗൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് സംഘം പ്രതി ജോലിചെയ്യുന്ന കമ്പനിയില്‍നിന്ന് ഇയാളുടെ മൊബൈല്‍നമ്പറും വിലാസവും ഉള്‍പ്പെടെ ശേഖരിച്ചു. തുടര്‍ന്ന് പ്രതിയെ തേടി വീട്ടിലെത്തിയെങ്കിലും ഇയാള്‍ അവിടെയുണ്ടായിരുന്നില്ല. ലൈംഗികാതിക്രമത്തിന് ശേഷം പ്രതി ഒളിവില്‍പോയെന്ന് വ്യക്തമായതോടെ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുകയും ബുധനാഴ്ച പ്രതിയെ പിടികൂടുകയുമായിരുന്നു.