KeralaNEWS

രാജ്യസഭ മുഖ്യം ബിഗിലേ; രണ്ടാം സീറ്റ് ചോദിക്കാന്‍ സിപിഐ, മാണി ഗ്രൂപ്പ്

തിരുവനന്തപുരം: കയ്യിലുള്ള മൂന്നു രാജ്യസഭാ സീറ്റില്‍ രണ്ടില്‍ മാത്രമേ ജയിക്കാനാകൂ എന്നിരിക്കെ വിജയസാധ്യതയുള്ള രണ്ടാം സീറ്റ് എല്‍ഡിഎഫില്‍ സിപിഐക്കോ കേരള കോണ്‍ഗ്രസി(എം)നോ രണ്ടു പാര്‍ട്ടികളുടെയും സംസ്ഥാനത്തെ ഒന്നാമത്തെ നേതാവാണു സ്ഥാനമൊഴിയുന്നത്. ഇരു പാര്‍ട്ടികള്‍ക്കും രാജ്യസഭാ സീറ്റ് അഭിമാനപ്രശ്‌നമാണ്. അവകാശവാദമുന്നയിക്കാന്‍ സിപിഐയും കേരള കോണ്‍ഗ്രസും (എം) തീരുമാനിച്ചു. യുഡിഎഫിനു ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് മുസ്‌ലിം ലീഗിനു നല്‍കാന്‍ ധാരണയായിരുന്നു.

ബിനോയ് വിശ്വം, ജോസ് കെ.മാണി, എളമരം കരീം എന്നിവരുടെ കാലാവധിയാണു ജൂലൈ 1ന് അവസാനിക്കുന്നത്. ഒരു സീറ്റില്‍ സിപിഎം മത്സരിക്കുമെന്നുറപ്പായിട്ടുണ്ട്. ഇടതുമുന്നണി ഭരണത്തിലുള്ള ഘട്ടങ്ങളില്‍ രാജ്യസഭയില്‍ ഒരേസമയം തങ്ങള്‍ക്കു രണ്ടു പേരുണ്ടാകാറുണ്ടെന്നതാണു സിപിഐയുടെ അവകാശവാദം. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാര് എന്ന മത്സരം കേരള കോണ്‍ഗ്രസു(എം)മായുണ്ട്.

Signature-ad

തദ്ദേശതിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ കേരള കോണ്‍ഗ്രസി(എം)നു സീറ്റ് വിട്ടു നല്‍കി മത്സരത്തില്‍ പിന്നോട്ടുപോകാന്‍ സിപിഐ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ രാജ്യസഭാംഗത്വവുമായാണു ജോസ് കെ.മാണിയുടെ പാര്‍ട്ടി എല്‍ഡിഎഫിലെത്തിയത്. യുഡിഎഫിന്റെ ഭാഗമായി 2018ല്‍ ജയിച്ച രാജ്യസഭാ സീറ്റ് എല്‍ഡിഎഫ് പ്രവേശത്തിനു പിന്നാലെ 2021 ജനുവരിയില്‍ ജോസ് കെ.മാണി രാജിവച്ചിരുന്നു. നവംബറില്‍ എല്‍ഡിഎഫിന്റെ ഭാഗമായി ഇതേ സീറ്റില്‍ വിജയിച്ചു. ജോസ് കെ.മാണിയുടെ സീറ്റാണ് എന്നതില്‍ തര്‍ക്കത്തിന്റെ കാര്യമില്ലെന്നു കേരള കോണ്‍ഗ്രസ് (എം) വാദിക്കുന്നു.

13നു ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്കു വരും. സിപിഐയും നേതൃയോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യും. വോട്ടെടുപ്പിനുശേഷം ഇതുവരെ എല്‍ഡിഎഫ് ചേര്‍ന്നിട്ടില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നാല്‍ പിന്നാലെ യോഗം ചേരും. രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം പ്രതീക്ഷിക്കുന്നതിനാല്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സാങ്കേതിക നടപടികള്‍ തുടങ്ങി.

2027 ഏപ്രില്‍ വരെ കാലാവധിയുള്ള ജോണ്‍ ബ്രിട്ടാസ്, വി.ശിവദാസന്‍ (സിപിഎം), പി.വി.അബ്ദുല്‍ വഹാബ് (ലീഗ്) എന്നിവരും 2028 ഏപ്രില്‍ വരെ കാലാവധിയുള്ള എ.എ.റഹിം (സിപിഎം), പി.സന്തോഷ്‌കുമാര്‍ (സിപിഐ), ജെബി മേത്തര്‍ (കോണ്‍ഗ്രസ്) എന്നിവരുമാണു കേരളത്തില്‍ നിന്നുള്ള മറ്റു രാജ്യസഭാംഗങ്ങള്‍.

Back to top button
error: