ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കിൽ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് പ്രാബല്യത്തിലായതോടെ സഞ്ചാരികളുടെ വരവിൽ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ വളരെ കുറവാണ്. രാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളിൽ എത്തിയിരുന്നത്. എന്നാൽ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.
ഇതിനിടെ 126ാമത് ഊട്ടി പുഷ്പമഹോത്സവത്തിന് സസ്യോദ്യാനത്തിൽ തുടക്കമായി. 10 ദിവസം നീണ്ടുനിൽക്കുന്ന വസന്തകാല ഉത്സവം 20ന് സമാപിക്കും. ഒരു ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് രൂപപ്പെടുത്തിയ ഊട്ടി പർവത തീവണ്ടിയുടെ മാതൃകയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുക.
കൂടാതെ രണ്ട് ലക്ഷം കാർണീഷ്യം പൂക്കൾ കൊണ്ട് ഒരുക്കിയ ആന, പക്ഷികൾ, മത്സ്യങ്ങൾ, വരയാടുകൾ, കാട്ടുപോത്ത് തുടങ്ങിയവയുടെ മാതൃകകളും മനംകവരുന്ന കാഴ്ചകളാണ്.
സസ്യോദ്യാനത്തിലെ പച്ചപ്പുൽമൈതാനമാണ് മറ്റൊരു പ്രത്യേകത. പത്ത് ലക്ഷം പൂച്ചെടികളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
എന്തായാലും സഞ്ചാരികളുടെ കുറവ് പുഷ്പ മഹോത്സവത്തെയും പ്രതിസന്ധിയിലാക്കും. ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പുതിയ നിയമം പ്രതിസന്ധിയിലാക്കി.
വ്യാപാരത്തിൽ വൻ ഇടിവാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് വ്യാപാരികളുടെ തീരുമാനം.