CrimeNEWS

വൈറലാകാൻ തോക്കും പിടിച്ച് ഹൈവേയിൽ നൃത്തം; യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹൈവേയില്‍ സോഷ്യല്‍ മീഡിയ സ്റ്റാറിന്റെ തോക്കുമായുള്ള നൃത്തം വിവാദത്തില്‍. സിമ്രാന്‍ യാദവ് എന്ന സാമൂഹ്യമാധ്യമങ്ങളിലെ താരമാണ് ലഖ്നൗവിലെ ഹൈവേയില്‍ തോക്ക് ചൂണ്ടി ഭോജ്പുരി ഗാനത്തിന് ചുവടുകള്‍ വെച്ചത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വരികയായിരുന്നു. ഹൈവേയില്‍ നിയമം ലംഘിച്ച യുവതിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കല്യാണ്‍ജി ചൗധരി എന്നയാള്‍ പൊലീസ് പരാതി നല്‍കുകയായിരുന്നു.

22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സിമ്രാന്റെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് കല്യാണ്‍ജി ചൗധരിയുടെ പരാതി. ഹൈവേയില്‍ തോക്കുമായി നൃത്തം ചെയ്തതിനാല്‍ നിയമം ലംഘിച്ചുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് ചൗധരി പറയുന്നത്. ലഖ്നൗ പൊലീസിന്റെ നിരവധി ഔദ്യോഗിക അക്കൗണ്ടുകളും അദ്ദേഹം തന്റെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം, വീഡിയോയ്ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് പ്രതികരിച്ചിട്ടുണ്ട്.

Signature-ad

പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ ലഖ്നൗ പൊലീസിനോട് നിര്‍ദ്ദേശിച്ചുവെന്ന് യുപി പൊലീസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ മറുപടി നല്‍കുകയായിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ലഖ്നൗ പൊലീസ് പറഞ്ഞു. അതേസമയം, നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഇത്തരം തമാശക്കാര്‍ക്ക് കനത്ത പിഴ ചുമത്തണമെന്നാണ് ചിലരുടെ വാദം. ഇത്തരം അക്കൗണ്ടുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്യണമെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 2 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള സിമ്രാന്‍ യാദവ് തന്റെ ബയോയില്‍ ലഖ്നൗ ക്വീന്‍ എന്നാണ് സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്.

 

Back to top button
error: