മൂന്ന് ഘട്ടങ്ങളിലും കൂടി പോളിംഗ് 3.08 ശതമാനം ആണ് ഇടിഞ്ഞത്. വോട്ടെടുപ്പ് നടന്ന 282 മണ്ഡലങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ ആകെ പോളിംഗ് 65.77 ശതമാനം ആണ്. 2019 ല്‍ ഇത് 68.85 ശതമാനം ആയിരുന്നു.
ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പോളിംഗില്‍ വലിയ കുറവ് രേഖപ്പെടുത്തിയത്. ഇതെല്ലാം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നത് പാർട്ടിയുടെ തലവേദന ഇരട്ടിയാക്കിയിട്ടുണ്ട്. ഇതോടെ 400 ന് മുകളില്‍ സീറ്റെന്ന ലക്ഷ്യം ബിജെപിയ്ക്ക് നേടിയെടുക്കാൻ സാധിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്.
പോളിംഗ് കുറയുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും ഇനിയും നാല് ഘട്ടങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെ അത്തരമൊരു വിലയിരുത്തലില്‍ അടിസ്ഥാനമില്ലെന്നാണ് രാഷ്ട്രീട നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വോട്ടിംഗ് ശതമാനത്തിലെ കുറവിന് പല കാരണങ്ങളും ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എൻ ഡി എ വീണ്ടും അധികാരത്തിലേറുമെന്നായിരുന്നു പല അഭിപ്രായ സർവ്വേ ഫലങ്ങളും. അതുകൊണ്ട് തന്നെ വോട്ടർമാരെ സംബന്ധിച്ച് അവർക്ക് വോട്ട് ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടതാകാമെന്നാണ് ഒരു വിലയിരുത്തല്‍. വലിയ പ്രഖ്യാപനങ്ങള്‍ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ സാധിച്ചില്ലെന്നതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര നിർമ്മാണവും കാശ്മീർ വിഷയവുമെല്ലാം ഉയർത്തിക്കാട്ടിയായിരുന്നു ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. എന്നാല്‍ ഇക്കുറി അത്തരം വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താൻ ബി ജെ പിക്ക് ഉണ്ടായിരുന്നില്ല. ഉഷ്ണതരംഗവും പോളിംഗ് ശതമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
അതേസമയം പോളിംഗ് കണക്കിലെ കുറവില്‍ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് പ്രതിപക്ഷ പാർട്ടികള്‍. ബി ജെ പിയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചുവെന്നതിന്റ വ്യക്തമായ സൂചനയാണിതെന്നാണ് പ്രതിപക്ഷം പറയുന്നത്. ഓടി നടന്ന് വർഗീയതയില്‍ ഊന്നിയുള്ള ബി ജെ പി പ്രചരണം അവരുടെ ഭയത്തിന്റെ തെളിവാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
മോദി തരംഗം ഇക്കുറി ഇല്ലെന്നത് ബി ജെ പിയും വിലയിരുത്തുന്നുണ്ട്. പല സംസ്ഥാനങ്ങളിലും സ്ഥാനാർത്ഥി നിർണയം അടക്കമുള്ള വിഷയങ്ങള്‍ തിരിച്ചടിയായെന്നും അവർ കണക്ക് കൂട്ടുന്നു. എന്നിരുന്നാലും തുടർഭരണത്തിനുള്ള സാധ്യത മങ്ങിയിട്ടില്ലെന്ന് തന്നെയാണ് ഭരണപക്ഷം പുലർത്തുന്ന പ്രതീക്ഷ.