IndiaNEWS

ഗുജറാത്തില്‍ 600 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്ത് കാവിക്കൊടികള്‍ സ്ഥാപിച്ചു; സംഘർഷം 

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ ഇമാം ഷാഹ് ബാവ ദർഗയില്‍ ഹിന്ദുത്വവാദികളുടെ ആക്രമണം. ദർഗ തകർക്കുകയും ദർഗക്കുള്ളില്‍ കാവിക്കൊടികള്‍ സ്ഥാപിക്കുകയും ചെയ്തതിനെ തുടർന്ന് ഇവിടെ സംഘർഷം ഉടലെടുത്തിരിക്കുകയാണ്.

സംഘർഷത്തില്‍ 35 ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഹമ്മദാബാദിലെ പിരാനാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദർഗക്ക് ഏകദേശം 600 ഓളം വർഷം പഴക്കമുണ്ട്. ഹിന്ദു-മുസ്‍ലിം സൗഹാർദത്തിന്റെ പ്രതീകമായി കണക്കാക്കുന്ന പിരാന ദര്‍ഗ ഇമാം ഷാഹ് ബാബ റോസ ട്രസ്റ്റിന്‍റെ നിയന്ത്രണത്തിലാണ്. ഹിന്ദു-മുസ്‍ലിം സമുദായത്തില്‍പ്പെട്ടവരും ദർഗ നടത്തിപ്പ് കമ്മിറ്റിയിലെ അംഗങ്ങളാണ്.

ആക്രമണത്തില്‍ ദര്‍ഗയുടെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജനല്‍ചില്ലുകള്‍ പൊട്ടുകയും കസേരകളും മറ്റും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

സംഘർഷത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകശ്രമം, കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി 35 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: