ഇടുക്കി: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു.
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ ഭദ്ര (18), സിന്ധു (45) എന്നിവരാണ് മരിച്ചത്.നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് അപകടം.
കുട്ടിക്കാനത്തുനിന്ന് മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്നു കാർ. റോഡിന്റെ വശത്തെ ബാരിക്കേഡ് തകർത്ത് കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വളരെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്ന ആറുപേരും അതീവഗുരുതരാവസ്ഥയിലായിരുന്നു. മുകളിലെത്തിക്കുമ്ബോഴേക്കും രണ്ടുപേർ മരിച്ചു. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മാർ സ്ലീവാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.