ഇരിങ്ങാലക്കുട: കാസർഗോഡ് മഞ്ചേശ്വരത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛൻ്റെയും മക്കളുടെയും മൃതദേഹങ്ങൾ ഇന്നലെ രാത്രി 10 മണിയോടെ കണ്ഠേശ്വരം ‘ശിവദ’ത്തിൽ കൊണ്ടു വന്നു.
ഇന്നു രാവിലെ 10 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം.
ഇരിങ്ങാലക്കുട കണ്ഠേശ്വരം പുതുമന വീട്ടിൽ ശിവകുമാർ മേനോൻ (54), മക്കളായ ശരത്ത് (23), സൗരവ് (15) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ദുബൈയില്‍ ജോലിചെയ്യുന്ന ശിവകുമാര്‍ കൂടൽമാണിക്യം ഉത്സവത്തിനു മുമ്പായാണ് നാട്ടിലെത്തിയത്. മേയ് 18ന് മടങ്ങിപ്പോകാനിരിക്കയായിരുന്നു.
ശരത് ബിടെക് കഴിഞ്ഞ് അയർലൻഡിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സൗരവ് നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
ശനിയാഴ്ച്ചയാണ് ബാംഗ്ലൂരുള്ള ബന്ധുവിനെ കാണാൻ ശിവകുമാർ മക്കളോടൊപ്പം കാറിൽ പോയത്. മടക്കയാത്രയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനവും കൂടി നടത്തി വരുമ്പോഴാണ് കുഞ്ചത്തൂർ ദേശീയപാതയിൽ വെച്ച് അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാസർകോട് ചട്ടഞ്ചാലിലുണ്ടായ വാഹനാപടത്തില്‍ സാരമായി പരുക്കേറ്റ ഉഷ എന്ന സ്തീയെ ചികിത്സയ്ക്കായി മംഗ്ളൂറിലേക്ക് കൊണ്ടുപോയ ആംബുലന്‍സാണ് അപകടത്തിൽ പെട്ടത്.
ഇരിങ്ങാലക്കുടയില്‍ ജനസേവാ കേന്ദ്രം നടത്തിവരിയായിരുന്നു ശിവകുമാറിന്റെ ഭാര്യ സ്മിത. ശാരീരിക ബുദ്ധിമുട്ടു മൂലമാണ് സ്മിത ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം പോകാതിരുന്നത്.
ഭര്‍ത്താവും മക്കളും മരിച്ചതോടെ ‘ശിവദ’ത്തില്‍ സ്മിത തനിച്ചായി. കൊല്ലൂര്‍ മുകാംബിക സന്നിധിയില്‍ നിന്ന് ശിവകുമാര്‍ മക്കള്‍ക്കൊപ്പം എടുത്ത ചിത്രം കണ്ണീരോര്‍മയായി മാറി.