KeralaNEWS

വിവിധ ജില്ലകളിൽ ഇന്ന് രാവിലെയും ശക്തമായ മഴയ്ക്ക് സാധ്യത, കൊച്ചിയിലും ഇടുക്കിയിലും വീടുകൾ തകർന്നു, കനത്ത മഴയിൽ ട്രെയിൻ ഗതാഗതം തകരാറിലായി

   ബുധനാഴ്ച രാത്രി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു.എറണാകുളത്തും തൊടുപുഴയിലും കനത്ത മഴ പെയ്തു. കാറ്റിലും മഴയിലും  മരങ്ങൾ കടപുഴകി. പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. നഗരപ്രദേശത്ത് ഉൾപ്പെടെ വൈദ്യുതി നിലച്ചു.

തൊടുപുഴയിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരം വീണ് വീട് തകർന്നു. ഇടുക്കിയിലെ കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരുക്കില്ല. കൊച്ചിയിൽ കാറ്റിലും മഴയിലും പലയിടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂറിനു ശേഷമാണ് പുനഃസ്ഥാപിച്ചത്.

Signature-ad

ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂർ ഇടപ്പള്ളിക്കു സമീപം പിടിച്ചിട്ടിരുന്നു. വൈകിട്ട് 7.03ന് എറണാകുളം നോർത്തിൽനിന്നു യാത്ര തിരിച്ച് 7.13നാണ് യാത്ര തടസ്സപ്പെട്ടത്. തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് രണ്ടുമണിക്കൂർ കളമശ്ശേരിയിൽ പിടിച്ചിട്ടു. ചെന്നൈ മെയിൽ അരമണിക്കൂറിലേറെ എറണാകുളം നോർത്തിന് സമീപം പിടിച്ചിട്ടു.

സംസ്ഥാനത്ത് വ്യാഴാഴ്ച രാവിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നും അറിയിപ്പിലുണ്ട്.

മെയ് 11, 12 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. വരുന്ന നാല് ദിവസവും സംസ്ഥാനമെമ്പാടും മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കള്ളക്കടൽ പ്രതിഭാസം ഇന്നും തുടരുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പുതുക്കിയിട്ടുണ്ട്. കേരള തീരത്ത് ഇന്ന് (വ്യാഴം) രാത്രി 11:30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാല, കടലാക്രമണം എന്നിവയ്ക്കും സാധ്യത.

Back to top button
error: