Life StyleNEWS

പരശുരാമന്റെ യജ്ഞഭൂമിയെന്ന് വിശ്വാസം; ഉഗ്രമൂത്തിയായ മാമാനിക്കുന്ന് ശ്രീ മഹാദേവിയെ ദര്‍ശിച്ച് ലാലേട്ടന്‍

കണ്ണൂര്‍: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഇരിക്കൂര്‍ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തി. കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയ മോഹന്‍ലാല്‍ ബുധനാഴ്ച്ച പുലര്‍ച്ചെ ആറു മണിയോടെയാണ് ഉഗ്രശക്തി മൂര്‍ത്തിയായ ഭഗവതി കുടികൊള്ളുന്നു വെന്ന് വിശ്വസിക്കുന്ന മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനപുണ്യം തേടാനെത്തിയത്.

ക്ഷേത്രം എക്സി ക്യൂട്ടീവ് ഓഫിസറും ഭാരവാഹികളും ജീവനക്കാരും നാട്ടുകാരും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം മേല്‍ ശാന്തി ചന്ദ്രന്‍ മൂസ് പ്രത്യേക പൂജയുടെ പ്രസാദം മോഹന്‍ലാലിന് നല്‍കി. ക്ഷേത്ര ഐതിഹ്യത്തെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കി ക്ഷേത്ര പ്രദിക്ഷണം നടത്തുകയും ദോഷങ്ങളും മാര്‍ഗതടസങ്ങളും അകറ്റുമെന്ന് വിശ്വസിക്കുന്ന ഉരിച്ച തേങ്ങ ‘മറികൊത്തല്‍’ നടത്തുകയും വിശേഷ വഴിപാടുകള്‍ കഴിക്കുകയും ചെയ്തതിനു ശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്.

കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ പുഴയുടെ കിഴക്ക് കരയില്‍ ഒരു ചെറിയ കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ശാക്തേയ ക്ഷേത്രമാണ് മാമാനമഹാദേവി ക്ഷേത്രം അഥവാ മാമാനിക്കുന്ന് ഭഗവതി ക്ഷേത്രം. പരാശക്തിയാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. കല്യാട് താഴത്തു വീടു വകയായിരുന്നു ഈ ക്ഷേത്രം ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ്.

പണ്ട് കാലത്ത് ഈ പ്രദേശത്ത് മഹാക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതിന്റെ അവശിഷ്ട തെളിവുകള്‍ ഇപ്പോഴും ഉണ്ട്. കണ്ണങ്കോട്, ചേറ്റുവട്ടി, പലൂല്‍ എന്നിവിടങ്ങളില്‍ നിന്നും മഹാക്ഷേത്രാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. പരശുരാമന്റെ യജ്ഞഭൂമിയായിരുന്നു ഇവിടം എന്നു വിശ്വസിക്കപ്പെടുന്നു. നിരവധി ഋഷിമാര്‍ തപസ്സു ചെയ്തിരുന്ന ഇടമാണ് പുഴക്കരയിലെ ഈ കുന്ന്. അതിനാല്‍ ഈ സ്ഥലത്തിന് മാമുനിക്കുന്ന് എന്നു പേര്‍ വിളിച്ചെന്നും പിന്നീടത് ലോപിച്ച് മാമാനിക്കുന്ന് എന്നായി എന്നും കരുതുന്നു.

ശക്തേയപൂജ നടക്കുന്ന ഇത്തരം ഭഗവതീ ക്ഷേത്രങ്ങളില്‍ ബ്രാഹ്‌മണര്‍ക്ക് പകരം പിടാരര്‍ അല്ലെങ്കില്‍ മൂസത് എന്ന സമുദായത്തില്പെട്ടവരാണ് പൂജകള്‍ ചെയ്യുന്നത്. മറികൊത്തല്‍ (മറി സ്തംഭനം നീക്കല്‍) ഇവിടുത്തെ പ്രധാന ചടങ്ങാണ്. ചൊവ്വ, വെള്ളി ദിവസങ്ങളാണ് പ്രാധാന്യമേറിയത്. കണ്ണൂര്‍ ജില്ലയില്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ഭക്തര്‍ക്ക് ഉച്ചക്കും രാത്രിയും ഭക്ഷണം സൗജന്യമായി നല്‍കിവരുന്നു. 1980 വരെ കോഴിയറവ് പതിവായിരുന്ന ഇവിടെ പിന്നീട് ആ ചടങ്ങ് നിയമം മൂലം നിരോധിക്കുകയായിരുന്നു.

ദുര്‍ഗ്ഗദേവി ഭദ്രകാളീ ഭാവത്തിലാണ് ഇവിടെ പരാശക്തിയുടെ പ്രതിഷ്ഠ. ശിവന്‍, ക്ഷേത്രപാലന്‍(കാലഭൈരവന്‍), ശാസ്താവ്, നാഗരാജാവ് എന്നീ ഉപദേവതാ പ്രതിഷ്ഠകളുമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: