KeralaNEWS

കൊച്ചിക്കും അയ്യമ്പുഴയ്ക്കും ഇടയില്‍ ഉയരുന്ന പുതുനഗരം; ‘എയ്‌റോ സിറ്റി’യെക്കുറിച്ച് അറിയേണ്ടതെല്ലാം

കൊച്ചി: നഗരം ഏറെ പ്രതീക്ഷയോടെ കാക്കുന്ന പദ്ധതിയാണ് ഗിഫ്റ്റ് സിറ്റി. കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ കൊച്ചിയില്‍ നിന്ന് കിഴക്ക് മാറി അയ്യമ്പുഴ പഞ്ചായത്ത് മേഖലയില്‍ നിര്‍മ്മിക്കുന്ന ആസൂത്രിത നഗരമാണിത്. സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപ കഴിഞ്ഞ ഫെബ്രുവരിയില്‍ അനുവദിച്ചിരുന്നു. കിഫ്ബിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഈ ആസൂത്രിത നഗരത്തിനും, കൊച്ചി നഗരത്തിനുമിടയില്‍ നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് നടത്താനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനത്തെയാണ് ‘എയ്‌റോ സിറ്റി’ എന്ന് വിശേഷിപ്പിക്കുന്നത്.

കൊച്ചി നഗരത്തിന് കിഴക്കുഭാഗത്ത് വരുന്ന അയ്യമ്പുഴ വികസിക്കുന്നതോടെ മേഖലയിലാകെ വലിയ മാറ്റമാണ് വരിക. തൊട്ടടുത്ത് കിടക്കുന്ന അങ്കമാലി, കാലടി, മലയാറ്റൂര്‍, ചാലക്കുടി തുടങ്ങിയ മേഖലകളിലും വികസനമുണ്ടാകും. കൊച്ചിക്കും ഗിഫ്റ്റ് സിറ്റിക്കും ഇടയില്‍ വരുന്ന ഭാഗങ്ങള്‍ കൂടുതല്‍ ആധുനികവല്‍കൃതമായ ഒരു നഗരമായി പരിണമിക്കും. ഗിഫ്റ്റ് സിറ്റിയെ ലക്ഷ്യം വെച്ചുള്ള ഒരു റൂട്ട് അങ്കമാലി വരെ എത്തിക്കുക എന്നത് കൊച്ചി മെട്രോയുടെ അടുത്ത ഘട്ടത്തിലെ പദ്ധതിയാണ്.

കൊച്ചിക്കും അയ്യമ്പുഴയ്ക്കും ഇടയില്‍ വരുന്ന നഗരപ്രദേശത്തെയാണ് എയ്‌റോ സിറ്റിയായി വികസിപ്പിക്കാന്‍ ആലോചിക്കുന്നത്. ഒരു പ്രധാന എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന നഗരവികസനത്തെയാണ് എയ്‌റോസിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തെ കേന്ദ്രീകരിച്ച് അതിന്റെ ചുറ്റുപാടുമുള്ള പ്രദേശത്തെ വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം.

‘ആലുവ, അങ്കമാലി റെയില്‍വേ സ്റ്റേഷനുകള്‍, സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ്, ഗ്രീന്‍ഫീല്‍ഡ് ഹൈവേ, അങ്കമാലി – കുണ്ടന്നൂര്‍ ബൈപ്പാസ്, കൊച്ചി മെട്രോ, ദേശീയ ജലപാത എന്നിവയുടെ കണക്ടിവിറ്റി സൗകര്യം, നിര്‍ദ്ദിഷ്ട ഗിഫ്റ്റ് സിറ്റി, ടൂറിസം സര്‍ക്യൂട്ട്, പെട്രോകെമിക്കല്‍ പാര്‍ക്ക് തുടങ്ങിയവയെല്ലാം ചേര്‍ന്ന് ഇന്ത്യയിലെ ഒന്നാം നിര എയ്‌റോ സിറ്റിയാക്കി വികസിപ്പിക്കാനുള്ള സാധ്യതകളെല്ലാം കൊച്ചി എയ്‌റോ സിറ്റിക്കുണ്ട്,’ മുന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറയുന്നു.

വാണിജ്യം, ടൂറിസം, വിദ്യാഭ്യാസം, വിനോദം, പാര്‍പ്പിട – ആരോഗ്യ സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ സൗകര്യങ്ങളെല്ലാം നെടുമ്പാശ്ശേരി വിമാനത്താവളത്തെ കേന്ദ്രീകരിച്ച് വളര്‍ത്തിയെടുക്കേണ്ടതുണ്ട് ഒരു എയ്‌റോ സിറ്റിയുടെ വികസനത്തിന്. ഇതോടൊപ്പം റോഡുകളുടെ വികസനവും പ്രധാനമാണ്. ഇതിനകം തന്നെ എന്‍എച്ച് 66 പണികള്‍ അതിവേഗം പുരോഗമിക്കുന്നുണ്ട്. നിര്‍ദ്ദിഷ്ട അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് കൂടി വരുന്നതോടെ മികച്ച റോഡ് സൗകര്യങ്ങള്‍ ഈ ഭാഗത്തേക്ക് ലഭിക്കും.

ഭാവിയില്‍ കൊച്ചി മെട്രോ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കപ്പെടും. ദേശീയ ജലപാത വികസിപ്പിക്കപ്പെടുമ്പോള്‍ വാട്ടര്‍ മെട്രോയുടെ കണക്ടിവിറ്റിയും ഈ മേഖലയിലേക്ക് ഉറപ്പാക്കാനാകും. ഗിഫ്റ്റ് സിറ്റി പൊങ്ങുന്നതോടെ സംഭവിക്കുന്ന വികസനത്തിലേക്ക് അനുബന്ധമെന്നോണം കൊച്ചി എയ്‌റോ സിറ്റിയുടെ വളര്‍ച്ചയിലേക്കും ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ നടക്കും.

ഈ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പാക്കുമെന്നാണ് രവീന്ദ്രനാഥ് പറയുന്നത്. കൊച്ചി എയ്‌റോപോളിസ് ഡവലപ്‌മെന്റ് അതോരിറ്റി എന്ന ഒരു സ്ഥാപനം രൂപീകരിച്ച് ആസൂത്രണം നടത്തും. നിലവില്‍ ഇതൊരു തെരഞ്ഞെടുപ്പ് വാഗ്ദാനമെന്ന നിലയിലാണ് നില്‍ക്കുന്നതെങ്കിലും കൊച്ചിയുടെ വികസന പരിപാടിയില്‍ എയ്‌റോ സിറ്റി മികച്ച അനുബന്ധമായി മാറുമെന്നതില്‍ സംശയമില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: