KeralaNEWS

മുരളീധരന്‍ പക്ഷം തോല്‍പിക്കാന്‍ ശ്രമിച്ചെന്ന് ശോഭ; ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ ചേരിപ്പോര്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത. തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നേതാക്കള്‍ ചേരിതിരിഞ്ഞു വാക്പോര് നടത്തി. ആലപ്പുഴയില്‍ വി. മുരളീധരന്‍ പക്ഷം തോല്‍പിക്കാന്‍ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കോര്‍ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതില്‍ അതൃപ്തിയറിയിച്ച് കൃഷ്ണദാസ് പക്ഷം യോഗം ബഹിഷ്‌കരിച്ചു. ഇ.പി ജയരാജനുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെയും പരസ്യപ്രസ്താവനയില്‍ പ്രകാശ് ജാവഡേക്കര്‍ അതൃപ്തി അറിയിക്കുകയും ചെയ്തു.

വി. മുരളീധരനെതിരെ കടുത്ത ആരോപണമാണ് ശോഭ യോഗത്തില്‍ ഉന്നയിച്ചത്. ആലപ്പുഴയില്‍ തന്നെ തോല്‍പ്പിക്കാന്‍ മുരളീധരപക്ഷം ശ്രമിച്ചെന്ന് അവര്‍ ആരോപിച്ചു. അതേസമയം, അതൃപ്തിയുമായി കൃഷ്ണദാസ് പക്ഷം നേതാക്കള്‍ സംസ്ഥാന നേതൃയോഗത്തില്‍നിന്ന് വിട്ടുനിന്നു. പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണു യോഗം ബഹിഷ്‌ക്കരിച്ചത്. കോര്‍ കമ്മിറ്റി ചേരാതെ നേതൃയോഗം ചേരുന്നതിലാണ് അതൃപ്തി.

കോര്‍ കമ്മിറ്റിക്കുശേഷം നേതൃയോഗമെന്നതാണ് പതിവ്. തെരഞ്ഞെടുപ്പ് വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ ആദ്യം കോര്‍ കമ്മിറ്റി ചേരണം. എന്നാല്‍, ഇതിനു വിരുദ്ധമായാണ് ഇത്തവണ ആദ്യം നേതൃയോഗം ചേര്‍ന്നത്. നേതൃയോഗത്തിനുശേഷം ഇന്നുതന്നെ കോര്‍ കമ്മിറ്റി ചേരാനും ആലോചനയുണ്ട്.

അതേസമയം, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും ശോഭ സുരേന്ദ്രനെയും ജാവഡേക്കര്‍ വിമര്‍ശിച്ചതും ശ്രദ്ധേയമായി. ശോഭയുടെ തുറന്നുപറച്ചിലില്‍ ജാവഡേക്കര്‍ അതൃപ്തി പരസ്യമാക്കി. പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നായിരുന്നു വിമര്‍ശനം. നേതാക്കള്‍ പലരുമായും ചര്‍ച്ച നടത്തും. അത് തുറന്നുപറയുന്നത് കേരളത്തില്‍ മാത്രമാണ്. കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞുവെന്നും ജാവഡേക്കര്‍ ചോദിച്ചു.

മറ്റ് പാര്‍ട്ടിയിലുള്ളവര്‍ ഇനി ചര്‍ച്ചയ്ക്ക് തയാറാകുമോയെന്നും ജാവഡേക്കര്‍ തുടര്‍ന്നു. കൂടിക്കാഴ്ച നടന്നെന്ന് സമ്മതിച്ച കെ. സുരേന്ദ്രന്റെ നടപടിയും ശരിയല്ല. ദേശീയ നേതാക്കള്‍ നടത്തുന്ന ഇടപെടലുകള്‍ സ്വന്തം പബ്ലിസിറ്റിക്കായി സംസ്ഥാന നേതാക്കള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പ്രകാശ് ജാവഡേക്കര്‍ വിമര്‍ശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: