LIFELife Style

ഓര്‍മ്മ നഷ്ടപ്പെട്ട കനകലത് ഈ രണ്ട് നടിമാരെ തിരിച്ചറിഞ്ഞിരുന്നു

രു കാലഘട്ടം ചെറുതും വലുതുമായ റോളുകളിലൂടെ മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യമായിരുന്ന കനകലതയുടെ അവസാനകാലം ദുരിതപൂര്‍ണമായിരുന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കാന്‍ പോലും മറന്നു. ഇഷ്ടമുള്ള പാട്ടു കേള്‍ക്കുമ്പോള്‍ മാത്രമാണ് ചുണ്ടിലൊരു മന്ദഹാസം. പിന്നെ ശൂന്യതയിലേക്ക് നോക്കിയിരിക്കും. സിനിമയിലും സീരിയലിലും നിറഞ്ഞു നിന്നിരുന്ന നടി കനകലത മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് അവശയായിരുന്നു.

2021 മുതല്‍ ഉറക്കക്കുറവുണ്ടായിരുന്നു. 2022 ആഗസ്റ്റില്‍ ഡിമന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് തിരിച്ചറിഞ്ഞു. എം.ആര്‍.ഐ സ്‌കാനില്‍ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരമാണ് കൊടുത്തിരുന്നത്. ഭാരം 85 കിലോയില്‍ നിന്നു ഗണ്യമായി കുറഞ്ഞു.

ഇടയ്ക്ക് ഒപ്പം അഭിനയിച്ച ചില നടീ നടന്‍മാര്‍ എത്തിയപ്പോള്‍ അവരെ തിരിച്ചറിഞ്ഞിരുന്നു. സീരിയല്‍ കണ്ടിരിക്കുമ്പോഴും പരിചയക്കാരായ നടിമാരെ കാണുമ്പോള്‍ പ്രതികരിക്കും. ബീനയെയും ചിപ്പിയെയും കാണുമ്പോഴും മുഖത്ത് പ്രതികരണമുണ്ടാകുമായിരുന്നു. ചിലപ്പോഴൊക്കെ കരയും. തിരുവനന്തപുരത്ത് വലിയവിളയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കനകലത പിന്നീട് മലയിന്‍കീഴില്‍ വീട് സ്വന്തമാക്കി. ലോക്ക്ഡൗണ്‍ വന്നതോടെ വരുമാനം നിലച്ചിരുന്നു. വായ്പാതിരിച്ചടവ് മുടങ്ങി. സ്വര്‍ണം പണയം വച്ച് ലോണ്‍ തീര്‍ത്തതിനാല്‍ ഇപ്പോള്‍ സ്വന്തമായി വീടെങ്കിലുമുണ്ടെന്ന് സഹോദരി വിജയമ്മ പറഞ്ഞിരുന്നു. 34 വര്‍ഷമായി കനകലതയ്‌ക്കൊപ്പമാണ് ഇവര്‍. സഹോദരപുത്രന്‍ അനൂപും കുടുംബവും സഹായത്തിനുണ്ട്.

പൂക്കാലം എന്ന ചിത്രത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. ‘അമ്മ’ സംഘടനയുടെ ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നു. മാസം 5000 രൂപ കൈനീട്ടമായി ലഭിച്ചിരുന്നു. ടെലിവിഷന്‍ പ്രവര്‍ത്തകരുടെ സംഘടനയായ ആത്മയില്‍നിന്നു ചെറിയൊരു തുക ലഭിച്ചു. ദൈനംദിന ചെലവുകള്‍ കഷ്ടിച്ചാണ് മുന്നോട്ടു കൊണ്ടു പോയിരുന്നത്.

”ഇപ്പോഴത്തെ വീഡിയോ ചിത്രീകരിക്കണം എന്നുപറഞ്ഞ് ചില യു ട്യൂബുകാര്‍ വന്നിരുന്നു. ധനസഹായം കിട്ടുമെന്നാണ് പറഞ്ഞത്. ഇത്രയും അവശനിലയില്‍ അവളെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. അത് അവളോടു ചെയ്യുന്ന ദ്രോഹമാകും”- അന്ന് വിജയമ്മ പറഞ്ഞതോര്‍ക്കുന്നു. ഗ്ലാമറിന്റെ ലോകത്തു നിന്ന് തികച്ചും ഒറ്റപ്പെട്ട് ജീവിത ദുരിതങ്ങള്‍ താണ്ടി കനകലത യാത്രയായി.

മുപ്പത്തിയെട്ടുവര്‍ഷത്തിനുള്ളില്‍ മലയാളത്തിലും തമിഴിലുമായി 360ലേറെ സിനിമകളില്‍ അഭിനയിച്ച താരമാണ് കനകലത. മിനിസ്‌ക്രീനിലും തിളങ്ങി. അമച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. ‘ഉണര്‍ത്തുപാട്ട്’ ആയിരുന്നു ആദ്യ സിനിമ. അത് റിലീസായില്ല. ‘ചില്ല്’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിര കണ്ടത്. 22-ാം വയസില്‍ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പതിനാറു വര്‍ഷത്തിനുശേഷം വേര്‍പിരിഞ്ഞു. കുട്ടികളില്ല.

 

Back to top button
error: