CrimeNEWS

ഭര്‍ത്താവിനെ കെട്ടിയിട്ട് നെഞ്ചിലും ശരീരത്തിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, ക്രൂരമര്‍ദനം; ഭാര്യ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ ഭര്‍ത്താവിനെ പീഡിപ്പിക്കുകയും കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്ത സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ച മെഹര്‍ ജഹാന്‍ എന്ന യുവതിയെ സിയോഹാര ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു.

കൈകാലുകള്‍ കെട്ടിയിട്ട ശേഷം മെഹര്‍ തന്റെ നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും സിഗരറ്റ് കൊണ്ട് പൊള്ളിച്ചുവെന്ന് ഭര്‍ത്താവ് മനന്‍ സെയ്ദി പറഞ്ഞു. വീട്ടിനുള്ളിലെ സിസി ടിവി ദൃശ്യങ്ങള്‍ സെയ്ദി പൊലീസിന് നല്‍കി. മെഹര്‍ ജഹാന്‍ തന്നെ ശാരീരികമായി ആക്രമിക്കുന്നതും കൈകാലുകള്‍ കെട്ടുന്നതും നെഞ്ചില്‍ ഇരുന്ന് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീട്, കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് സെയ്ദിയുടെ ശരീരഭാഗങ്ങളില്‍ പൊള്ളിക്കുന്ന ദൃശ്യങ്ങളും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഭാര്യ തന്നെ മദ്യം നല്‍കി പീഡിപ്പിക്കുകയും കൈകാലുകള്‍ കെട്ടുകയും ഉപദ്രവിക്കുകയും ചെയ്തതായി ആരോപിച്ച് താന്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി മനന്‍ സെയ്ദി വ്യക്തമാക്കി.

Signature-ad

കൊലപാതകശ്രമം, ആക്രമണം, പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം മെഹര്‍ ജഹാനെതിരെ പൊലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു.”പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ യുവതിക്കെതിരെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പൊലീസ് റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും” പൊലീസ് പറഞ്ഞു.

 

Back to top button
error: