തിരുവനന്തപുരം: മലയാള സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.
മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ കനകലത അഭിനയിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടേയും ചിന്നമ്മയുടേയും മകളായി 1960-ൽ ഓഗസ്റ്റ് 24-നായിരുന്നു ജനനം. കൊല്ലം സർക്കാർ ഗേൾസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. 1980-ൽ ഉണർത്തുപാട്ട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു വെള്ളിത്തിരയിലേക്കുള്ള പ്രവേശനം.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കനകലത നാടകരംഗത്ത് സജീവമായിരുന്നു.