CrimeNEWS

നവജാതശിശുവിന്റെ കൊലപാതകം: യുവതിയുടെ ആണ്‍സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തില്‍ യുവതിയുടെ ആണ്‍ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂര്‍ സ്വദേശിയായ യുവാവിന്റെ മൊഴി പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തി. യുവതിയുമായി ഉണ്ടായിരുന്നത് സൗഹൃദം മാത്രമായിരുന്നുവെന്നാണ് യുവാവ് നല്‍കിയ മൊഴി. ഇയാള്‍ക്കെതിരെ യുവതി നിലവില്‍ പരാതി നല്‍കിയിട്ടില്ല. ഇക്കാരണത്താല്‍ സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ഇയാളെ ഇന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കവറില്‍ പൊതിഞ്ഞ് റോഡിലേക്ക് വലിച്ചെറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ഫ്‌ളാറ്റിലെ താമസക്കാരായ യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അമ്മ കുറ്റം സമ്മതിക്കുകയും ചെയ്തു. താന്‍ പീഡനത്തിനിരയായ കാര്യവും യുവതി പൊലീസിനോട് പറഞ്ഞു. തൃശൂര്‍ സ്വദേശിയായ യുവാവാണ് പീഡനത്തിന് ഇരയാക്കിയതെന്നും യുവതി മൊഴി നല്‍കി.പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.പിന്നീടാണ് ഇയാളെ ചോദ്യം ചെയ്തത്.

കൊച്ചിയിലെ നവജാത ശിശുവിന്റേത് കൊലപാതകമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വായും മൂക്കും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന് ഗുരുതര ക്ഷതങ്ങളേറ്റെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി യുവതിയുടെ വീട്ടില്‍ ജോലിചെയ്തിരുന്ന സ്ത്രീ രംഗത്തെത്തി. യുവതി കിടക്കിയില്‍നിന്ന് ഇറങ്ങി നടക്കാറുണ്ടായിരുന്നില്ലെന്നും കട്ടിലില്‍ ഇരുന്ന് കംപ്യൂട്ടര്‍ ഉപയോഗിക്കാറാണ് പതിവെന്നും വീട്ടുജോലിക്കാരിയായിരുന്ന ശ്രീജ പറഞ്ഞു. യുവതിയുടെ വീട്ടുകാര്‍ ആരോടും സംസാരിക്കാത്ത പ്രകൃതക്കാരാണ്. ഒമ്പതുവര്‍ഷം ആ വീട്ടില്‍ ജോലിചെയ്തിരുന്ന തന്നെ രണ്ടുമാസം മുമ്പ് പറഞ്ഞുവിട്ടു. ഒരുമാസത്തെ ശമ്പളം തരാനുണ്ട്. പെണ്‍കുട്ടി ബെംഗളൂരുവില്‍നിന്ന് തിരിച്ചുവന്നതിന് പിന്നാലെയാണ് പിരിച്ചുവിട്ടത്. കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ശ്രീജ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: