
ടെഹ്റാൻ: ഇറാൻ യുദ്ധത്തെ തുടർന്ന് പ്രധാനപ്പെട്ട എണ്ണ വിതരണ മാർഗ്ഗമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷിതയാത്ര പുനരാരംഭക്കാൻ അവിടം പിടിച്ചെടുക്കണമെന്നും അതിനായി ഏഴ് രാജ്യങ്ങളോട് യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാൽ ട്രംപിന്റെ നിർദേശത്തെ ഭൂരിഭാഗം സഖ്യകക്ഷികളും നിരസിക്കുകയാണ്. ഓസ്ട്രേലിയയും ജപ്പാനും ഈ വിഷയത്തിന്മേലുള്ള നേരിട്ടുള്ള പ്രതികരണം നടത്തിക്കഴിഞ്ഞു.
കടലിടുക്ക് വളരെ പ്രധാനമാണെങ്കിലും, കപ്പൽ അയക്കാൻ ട്രംപ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാലും അങ്ങനെ ചെയ്യാൻ പദ്ധതിയില്ലെന്നും ഓസ്ട്രേലിയൻ കാബിനറ്റ് മന്ത്രി കാതറിൻ കിങ് എബിസിയോട് പറഞ്ഞു. ഓസ്ട്രേലിയ നാവികസഹായം സംഭാവന ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ ഹോർമുസ് കടലിടുക്കിലേക്ക് ഒരു കപ്പൽ അയക്കില്ല. ഹോർമുസ് എത്രത്തോളം പ്രധാനമാണോന്ന് ഞങ്ങൾക്കറിയാം, ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല, ഞങ്ങൾ നാവികശേഷി സംഭാവന ചെയ്യാനുമില്ല,‘കാതറിൻ കിംഗ് പറഞ്ഞു.
ഓസ്ട്രേലിയയ്ക്ക് പിന്നാലെ ജപ്പാനും തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഈ ഘട്ടത്തിൽ നാവിക സുരക്ഷാപ്രവർത്തനങ്ങൾ പരിഗണിക്കുന്നില്ലയെന്നാണ് ജപ്പാൻ സൂചിപ്പിച്ചത്. രാജ്യത്തെ നിയമപരമായ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് ഇ വിഷയത്തെ പരിശോധിച്ചുവരികയാണെന്നും നിലവിൽ കപ്പലുകൾ അയക്കാൻ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സനേ ടകൈച്ചി പ്രതികരിച്ചു.
അതേസമയം, ഏതൊരു നീക്കവും ശ്രദ്ധാപൂർവമായ അവലോകനത്തിന് ശേഷം നടത്തുമെന്നും ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് യുഎസുമായി കൂടിയാലോചനകൾ തുടരുമെന്നും ദക്ഷിണ കൊറിയ പറഞ്ഞു.
യുകെയും സഹകക്ഷി രാഷ്ട്രങ്ങളുമായി കൂടിയാലോചിച്ചാണ് തീരുമാനത്തിലേയ്ക്ക് നീങ്ങുന്നത്. ആഗോള ഷിപ്പിങ് തടസ്സങ്ങൾ ലഘൂകരിക്കാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ട്രംപുമായി ചർച്ച ചെയ്തതായി ഡൗണിങ് സ്ട്രീറ്റ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച നിശ്ചയിച്ച കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ പ്രതിസന്ധി സംബന്ധിച്ച് ചർച്ചകൾ തുടരാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായും സ്റ്റാർമർ സംസാരിച്ചു.






