KeralaNEWS

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാം; ഡ്രൈവിങ്ങ് സ്‌കൂളുകളുടെ ഹര്‍ജി തള്ളി

കൊച്ചി: കേരളത്തില്‍ ഗതാഗത വകുപ്പ് നടപ്പാക്കിയ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും മറ്റ് സംഘടനകളും നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് തള്ളി. മെയ് ഒന്നാം തീയതി മുതല്‍ ഡ്രൈവിങ്ങില്‍ ടെസ്റ്റില്‍ മാറ്റം വരുത്തി കൊണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും മറ്റും ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

പുതിയ പരിശീലന രീതിയും ടെസ്റ്റും സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ സര്‍ക്കാരിന് ഈ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാനാകും. ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളുടെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് അവധിക്കാലത്തിന് ശേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും ലൈസന്‍സ് ടെസ്റ്റിനെത്തിയവരും പുതിയ പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് ടെസ്റ്റ് ബഹിഷ്‌കരിച്ചിരുന്നു.

Signature-ad

ഡ്രൈവിങ്ങ് ടെസ്റ്റിനുള്ള ഗ്രൗണ്ടുകള്‍ ഉള്‍പ്പെടെ പരിഷ്‌കരിക്കാതെ ടെസ്റ്റില്‍ മാറ്റം വരുത്തുകയും ടെസ്റ്റിന് ഹാജരാകുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതുമാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. എന്നാല്‍, ഗതാഗത വകുപ്പ് വരുത്തിയ പരിഷ്‌കരണങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള സാഹചര്യമാണ് ഹൈക്കോടതി ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ മുതല്‍ തന്നെ സംസ്ഥാനത്ത് പരിഷ്‌കരണം നടപ്പാക്കി തുടങ്ങിയിരുന്നു.

എന്നാല്‍, ഗതാഗത വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് കാണിച്ച് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും യൂണിയനുകളും കടത്ത പ്രതിഷേധമാണ് ഇന്നലെ ഉയര്‍ത്തിയത്. വിവിധ മേഖലകളില്‍ ഡ്രൈവിങ്ങ് ടെസ്റ്റ് ബഹിഷ്‌കരിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. സ്വന്തം വാഹനത്തില്‍ ടെസ്റ്റിന് എത്തിയവരെ ഡ്രൈവിങ്ങ് സ്‌കൂള്‍ ജീവനക്കാര്‍ തടയുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍, പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്ന നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സ്വീകരിച്ചിരിക്കുന്നത്.

അടിസ്ഥാനസൗകര്യം ഒരുക്കാതെയും കൃത്യമായ മാര്‍ഗനിര്‍ദേശമില്ലാതെയും പരിഷ്‌കരണം നടപ്പാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച്ച മുതല്‍ പരിഷ്‌കാരം നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ചേര്‍ന്ന് പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആക്കി കുറച്ചതാണ് ഡ്രൈവിങ്ങ് സ്‌കൂളുകാരെ ഏറ്റവുമധികം പ്രകോപിപ്പിച്ചിരിക്കുന്നത്.

Back to top button
error: