KeralaNEWS

ചികിത്സയിലിരിക്കേ ബാലിക മരിച്ചു ;ഷിഗെല്ലയെന്നു സംശയം

അടൂർ: വയറിളക്കവും ഛർദിയും പിടിപെട്ട് ചികിത്സയിലിരിക്കേ ബാലിക മരിച്ചു. കടമ്ബനാട് ഗണേശ വിലാസം അവന്തിക നിവാസില്‍ മനോജിന്‍റെയും ചിത്രയുടെയും മകള്‍ അവന്തികയാണു (എട്ട്) മരിച്ചത്.

മരണകാരണം ഷിഗെല്ല ബാധയെന്ന് സംശയിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ലഭിച്ച മരണകാരണം വ്യക്തമാക്കുന്ന രേഖയിലാണ് കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന ഷിഗെല്ല രോഗം എന്ന് സംശയിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ ലാബ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

Signature-ad

ഏപ്രില്‍ 30നു രാവിലെയാണ് ഛർദിയും വയറിളക്കവുമായി അടൂർ ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. തുടർന്ന് രോഗം വഷളായതോടെ ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇവിടെയെത്തി അല്പസമയത്തിനുള്ളില്‍ തന്നെ കുട്ടി മരിച്ചു.

ഷിഗെല്ല ബാധയെന്ന സംശയത്തെതുടർന്ന് കടമ്ബനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ കുട്ടിയുടെ വീട്ടിലെയും സമീപത്തെ വീടുകളിലെയും കിണറുകളിലെ വെള്ളം ശേഖരിച്ചു. അറുപതു സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രിയങ്ക പ്രതാപ് പറഞ്ഞു.

അങ്ങാടിക്കല്‍ അറന്തക്കുളങ്ങര ഗവ. എല്‍പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അവന്തിക. സഹോദരൻ: അവിനേഷ്.

Back to top button
error: