CrimeNEWS

അമേരിക്കയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ഗോള്‍ഡി ബ്രാര്‍ അല്ല; സ്ഥിരീകരിച്ച് യു.എസ്. പോലീസ്

ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാര്‍ അല്ലെന്ന് സ്ഥിരീകരിച്ച് യു.എസ്. പോലീസ്. വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ഗോള്‍ഡി ബ്രാറാണെന്ന അഭ്യൂഹം വ്യാപകമായതോടെയാണ് ഇതുസംബന്ധിച്ച് യു.എസ്. പോലീസ് സ്ഥിരീകരണം നല്‍കിയത്. കൊല്ലപ്പെട്ടത് ഗോള്‍ഡി ബ്രാര്‍ അല്ലെന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്നും കാലിഫോര്‍ണിയയിലെ ഫ്രെസ്നോ പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം ഫ്രെസ്നോയിലെ ഫെയര്‍മോണ്ട് ആന്‍ഡ് ഹോള്‍ട്ട് അവന്യൂവിലാണ് രണ്ടുപേര്‍ക്ക് വെടിയേറ്റത്. ഇതിലൊരാള്‍ ആശുപത്രിയില്‍വെച്ച് മരിച്ചു. എന്നാല്‍, വെടിയേറ്റ് മരിച്ചത് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാര്‍ ആണെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ അഭ്യൂഹം. ചില ഓണ്‍ലൈന്‍ വാര്‍ത്താ ഏജന്‍സികളും ഇത്തരം റിപ്പോര്‍ട്ട് നല്‍കി. ഇതോടെയാണ് ഫ്രെസ്നോ പോലീസ് സംഭവത്തില്‍ വിശദീകരണം നല്‍കിയത്.

ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ ഉള്‍പ്പെടെ പങ്കുള്ള ഗോള്‍ഡി ബ്രാറിനെ ജനുവരിയിലാണ് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ലോറന്‍സ് ബിഷ്ണോയിയുടെ കൂട്ടാളിയായ ഗോള്‍ഡി ബ്രാറിനെതിരേ ഇന്ത്യയില്‍ കൊലപാതകം, ആയുധക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെട്ട ഒട്ടേറെ കേസുകളുണ്ട്. ഏറെനാളായി ഇയാള്‍ കാനഡയിലാണെന്നാണ് വിവരം. നേരത്തെ കാനഡയും ഗോള്‍ഡി ബ്രാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Back to top button
error: