KeralaNEWS

കാസര്‍കോട് ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു; ‘കോവിഡ്’ കാരണമെന്ന് എം.വി.ഡി!

കാസര്‍കോട്: ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകളില്‍ വരുത്തിയ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചതായി കാസര്‍കോട് ആര്‍.ടി.ഓഫീസ് അറിയിച്ചു. പ്രതിഷേധം പരാമര്‍ശിക്കാതെ വിചിത്ര കാരണം ചൂണ്ടിക്കാട്ടിയാണ് മേയ് 24 വരെയുള്ള ടെസ്റ്റുകള്‍ എല്ലാം റദ്ദാക്കിയതായി അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അറിയിപ്പ് അപേക്ഷകര്‍ക്ക് എസ്.എം.എസ്. മുഖേന നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാലത്തില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തലാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ മാസം 24 വരെ ഇനി ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ ഒന്നും നടത്തുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നു. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്നാണ് ടെസ്റ്റുകള്‍ റദ്ദാക്കിയിരിക്കുന്നതെന്ന വാദം വളരെ വിചിത്രമാണെന്നാണ് വിലയിരുത്തലുകള്‍. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ആര്‍.ടി.ഓഫീസ് കേന്ദ്രീകരിച്ച് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധം നടത്തുന്നതിനിടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

Signature-ad

ഡ്രൈവിങ്ങില്‍ ടെസ്റ്റില്‍ പരിഷ്‌കരണം വരുത്തി പുറത്തിറക്കിയ 04/2024 സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ ജീവനക്കാരും ഉടമകളും പ്രതിഷേധിക്കുകയാണ്. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. അനിശ്ചിത കാലത്തേക്ക് ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുന്നതും, 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിങ്ങ് പരീശീലനത്തിന് ഉപയോഗിക്കരുത് എന്ന നിര്‍ദേശവുമായി ഡ്രൈവിങ്ങ് പരിശീലകരെ പ്രധാനമായും ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ, വാഹനങ്ങളില്‍ ക്യാമറയും ജി.പി.എസ്. സംവിധാനവും നല്‍കണമെന്ന ആവശ്യത്തിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. ഈ പരിഷ്‌കാരങ്ങള്‍ക്ക് എതിരല്ലെന്നും ഇവ നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് തൃശൂരിലെ ഡ്രൈവിങ്ങ് സ്‌കൂള്‍ പ്രതിനിധികള്‍ അറിയിച്ചിരിക്കുന്നത്.

Back to top button
error: