KeralaNEWS

രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ കായിക മത്സരങ്ങള്‍ വേണ്ട; നിയന്ത്രണവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണവുമായി സര്‍ക്കാര്‍. രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു.

കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിര്‍ദേശപ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കായികപരിശീലനം, വിവിധ സെലക്ഷന്‍ ട്രയല്‍സ് എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനില്‍ക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാന്‍ കായിക താരങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

അതിനിടെ, സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, കാസര്‍ക്കോട്, മലപ്പുറം ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്.

Back to top button
error: