മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധം. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് പ്രതിഷേധിക്കുന്നത്. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കകരണം അപ്രായോഗികമെന്നാണ് സംഘടനകളുടെ നിലപാട്. കോഴിക്കോടും എറണാകുളത്തും സമാനമായ തരത്തില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളാണ് പ്രതിഷേധിക്കുന്നത്. സ്വന്തം നിലയ്ക്ക് എത്തുന്നവരുടെയും ടെസ്റ്റ് നടത്താന്‍ സമ്മതിക്കില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഇവര്‍ പറയുന്നു
ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. ടെസ്റ്റ് വെട്ടിച്ചുരുക്കുന്നതിനു പകരം ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അനിശ്ചിതകാല സമരമാണ് CITU , INTUC , BMS സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. ടെസ്റ്റിന്റെ ആദ്യ ഭാഗമായ ‘എച്ച്’ എടുക്കുന്നത് പഴയ രീതിയില്‍ നിലവിലെ ഗ്രൗണ്ടില്‍ എടുക്കാം. കയറ്റത്തു നിര്‍ത്തി പുറകോട്ടെടുക്കുന്നതും പാര്‍ക്കിങ്ങും റോഡ് ടെസ്റ്റിനിടയില്‍ ചെയ്യിക്കണമെന്നും നിര്‍ദേശം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല തുടങ്ങി മെയ് 2 മുതല്‍ വലിയ പരിഷ്‌കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിര്‍ദേശം.