തിരുവനന്തപുരം: കൊടും ചൂടിനാശ്വാസവുമായി തെക്കൻ ജില്ലകളിൽ മഴ കനക്കുന്നു.ഇന്നലേയും തിരുവനന്തപുരവും കൊല്ലവും പത്തനംതിട്ടയുമടക്കമുള്ള തെക്കൻ ജില്ലകളില്‍ കാര്യമായ മഴ ലഭിച്ചിരുന്നു.
ഇടിമിന്നലോടു കൂടിയ മഴയാണ് പെയ്യുന്നത്. ഇടിമിന്നലില്‍ ഇന്നലെ കൊല്ലത്ത് ഒരാൾ മരണപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലം ഓണംബലം സെന്‍റ് മേരിസ് കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരൻ തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. കിഴക്കേക്കല്ലട മുട്ടം ഓടവിള ചരുവില്‍ വീട്ടില്‍ പ്രസന്നകുമാരി (54) ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കോട്ടയം കറുകച്ചാലിലും ഒരാൾ ഇടിമിന്നലേറ്റ് മരിച്ചിരുന്നു.മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് തെങ്ങ് തന്നെ കത്തിപ്പോയിരുന്നു.കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്.