KeralaNEWS

”ഇ.പി ഡല്‍ഹിക്ക് വണ്ടികയറിയത് ബി.ജെ.പിയില്‍ ചേരാന്‍; പ്രമുഖന്റെ കോള്‍ വന്നതോടെ മുട്ടിടിച്ചു”

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഇ.പി. ജയരാജന്‍ ബി.ജെ.പിയിലേക്ക് വരാന്‍ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍.

പാര്‍ട്ടി മാറാന്‍ തയ്യാറായിക്കൊണ്ടാണ് ഇ.പി. ജയരാജന്‍ ഡല്‍ഹിയില്‍ എത്തിയതെന്നും എന്നാല്‍ കേരളത്തില്‍ നിന്ന് ഒരു പ്രമുഖ നേതാവിന്റെ ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ അദ്ദേഹം തീരുമാനത്തില്‍ മാറ്റം വരുത്തുകയുമായിരുന്നുവെന്ന് ശോഭ മാധ്യമങ്ങളോടു പറഞ്ഞു. ഫോണ്‍ കോള്‍ ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് സംശയമുണ്ടെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

2023 ജനുവരിയിലാണ് ഇ.പി. ജയരാജനുമായി കൂടിക്കാഴ്ചകള്‍ ഉണ്ടായതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിന്റെ വെണ്ണലയിലെ വസതിയില്‍ വെച്ചാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. രണ്ടാമത് ദല്‍ഹിയിലെ ദളിത് ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നതെന്നും നന്ദകുമാറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

തന്നേക്കാള്‍ ജൂനിയറായ എം.വി. ഗോവിന്ദന് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം നല്‍കിയതില്‍ ഇ.പി. ജയരാജന് അതൃപ്തി ഉണ്ടായിരുന്നുവെന്നും അക്കാരണം കൊണ്ടാണ് പാര്‍ട്ടി മാറാന്‍ അദ്ദേഹം തീരുമാനിച്ചതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ഇ.പി. ജയരാജനുമായി ബി.ജെ.പി നേതാവ് ജാവദേക്കര്‍ 45 മിനിറ്റോളം സംസാരിച്ചുവെന്ന് ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. തൃശൂരില്‍ സഹായിക്കണമെന്ന് ജാവദേക്കര്‍ ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോട് കൂടിയാണ് ഇ.പി. ജയരാജന്‍ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങിയതെന്നും നന്ദകുമാര്‍ പറഞ്ഞു.

എന്നാല്‍, തന്റെ നിലപാടുകളില്‍ ഒരു മാറ്റവും വരുത്താതെ ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് വീണ്ടും പ്രതികരിച്ചു. ശോഭ സുരേന്ദ്രനെ താന്‍ കണ്ടിട്ടേയില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച അല്ലാത്തതിനാലാണ് പാര്‍ട്ടിയെ വിവരം അറിയിക്കാതിരുന്നതെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കി.

Back to top button
error: