മലപ്പുറം: പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ നാട്ടുകാരെ ആക്രമിച്ചതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ ലഹരി ഉപയോഗിച്ച് അക്രമാസക്തനായ നിസാമുദ്ദീന്‍, സെയ്തലവി എന്നയാളെ കുത്തി പരിക്കേല്‍പ്പിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹം. പിന്നാലെ നിസാമുദ്ദീനെ നാട്ടുകാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ക്ക് മര്‍ദ്ദനമേറ്റതായി വിവരമുണ്ട്.
തുടര്‍ന്ന് ഗുരുതര പരിക്കോടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് നിസാമുദ്ദീന്‍ മരിച്ചത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. അതിനിടെ, കഴിഞ്ഞദിവസം കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗര്‍ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. പണിക്കര്‍ റോഡില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം.
കൊല്ലപ്പെട്ട ശ്രീകാന്ത് നേരത്തെ എലത്തൂര്‍ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലെ പ്രതി ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെക്കുറിച്ച് സൂചനകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നു. ഓട്ടോയില്‍ കയറിയ ഒരാളാണ് കൊലപാതകം നടത്തിയത് എന്നാണ് സൂചന. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.