IndiaNEWS

പുല്‍വാമയിലെ ജവാൻമാരുടെ ഭാര്യമാരുടെ താലിമാല അറുത്തതാര്?  മോദിക്കെതിരെ ഡിംപിള്‍ യാദവ്

ദില്ലി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഡിംപിള്‍ യാദവ്.

പുല്‍വാമയിലെ ജവാൻമാരുടെ ഭാര്യമാരുടെ താലിമാല അറുത്തതാരെന്ന് ഡിംപിള്‍ യാദവ് ചോദിച്ചു. ജവാൻമാർക്ക് വിമാനം നല്‍കാതെ റോഡുമാർഗം കൊണ്ടുപോയത് എന്തിനാണെന്നും മോദിക്ക് നേരെ ഡിംപിള്‍ യാദവ് ചോദ്യമുന്നയിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്ബത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം വന്‍വിവാദത്തിലായിരുന്നു. കൂടുതല്‍ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞു കയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്ലീങ്ങള്‍ക്കെതിരെ വിഭാഗീയ പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ ധ്രുവീകരണ ശ്രമം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും. കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും, സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് പ്രകടനപത്രികയിലുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി രാജസ്ഥാനില്‍ പറഞ്ഞത്.

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തിന് വേണ്ടി താലിമാല ബലി കഴിച്ചയാളാണ് തൻ്റെ അമ്മയെന്നും ചൈന യുദ്ധവേളയില്‍ മുഴുവൻ ആഭരണങ്ങളും തൻ്റെ മുത്തശി രാജ്യത്തിനായി നല്‍കിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം പിന്നിട്ടു, ഇതില്‍ 55 വർഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ആരുടെ താലിമാലയാണ് തട്ടിയെടുത്തതെന്ന് മോദി പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ആയിരുന്നു നരേന്ദ്ര മോദിയുടെ വാദങ്ങള്‍ക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: