CrimeNEWS

ജോഷിയുടെ വീട്ടിലെ മോഷണം; മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്!

കൊച്ചി: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യ ബിഹാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാ പഞ്ചായത്ത് ബോര്‍ഡ് വച്ച വാഹനത്തിലാണ് പലപ്പോഴും ഇര്‍ഫാന്റെ സഞ്ചാരം. ഇര്‍ഫാന്‍ പനമ്പിള്ളി നഗറില്‍ 3 വീടുകളില്‍ കൂടി മോഷണത്തിന് ശ്രമിച്ചു. മോഷണം നടത്തിയ സ്വര്‍ണവും വാച്ചും കണ്ടെടുത്തു. 15 മണിക്കൂറിനുള്ളില്‍ പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞത് പൊലീസിന്റെ നേട്ടമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍ പറഞ്ഞു.

ജോഷിയുടെ വീട്ടിലെ കുറ്റകൃത്യത്തിനു ശേഷമുള്ള ആദ്യ മണിക്കൂറുകളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായതിനാല്‍ ഒരു മിനിറ്റു പോലും പാഴാക്കാതെയായിരുന്നു പൊലീസ് നീക്കങ്ങള്‍. എറണാകുളം എസിപി പി.രാജ്കുമാറിനായിരുന്നു അന്വേഷണത്തിന്റെ ഏകോപനം. കമ്മിഷണറും ഡിസിപിയുമുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഓരോ മണിക്കൂറിലും പുതിയ വിവരങ്ങള്‍ തേടിയും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും ഒപ്പം നിന്നു. എറണാകുളം എസിപിയുടെ സ്‌ക്വാഡും സബ് ഡിവിഷനു കീഴിലെ എല്ലാ സ്റ്റേഷനുകളിലെയും ഇന്‍സ്‌പെക്ടര്‍മാരും എസ്‌ഐമാരും പൊലീസുകാരും ഉള്‍പ്പെടെ ഊര്‍ജിതമായി രംഗത്തിറങ്ങി.

Signature-ad

പ്രതിയുടെ ദൃശ്യങ്ങള്‍ ജോഷിയുടെ വീട്ടിലെ സിസിടിവികളില്‍ നിന്നു തന്നെ ലഭിച്ചെങ്കിലും സമീപത്തെ സിസിടിവികളില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ ഭൂരിഭാഗത്തിനും വ്യക്തത ഇല്ലാത്തത് ആദ്യഘട്ടത്തില്‍ പൊലീസിനു തിരിച്ചടിയായി. എന്നാല്‍, സംഭവസമയം മേഖലയിലുണ്ടായിരുന്ന എല്ലാ മൊബൈല്‍ ഫോണുകളുടെയും സിഡിആര്‍ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് വൈകാതെ ഇര്‍ഫാന്റെ സഞ്ചാര പഥം കണ്ടെത്തി. പ്രതി കാറിലാണു സഞ്ചരിക്കുന്നതെന്നും ഈ കാറിന്റെ പ്രത്യേകതകളും വഴിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തുകയും ചെയ്തു. മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള കാറില്‍ ബിഹാര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ എന്ന ചുവന്ന ബോര്‍ഡ് വച്ചായിരുന്നു പ്രതിയുടെ യാത്ര.

സിറ്റി പൊലീസില്‍നിന്നു വിവരം ലഭിച്ചതോടെ മംഗലാപുരം, ഉഡുപ്പി മേഖലയില്‍ പൊലീസ് വ്യാപക പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണു കോട്ടയ്ക്കു സമീപം വാഹനം കണ്ടെത്തിയത്. തടയാന്‍ ശ്രമിച്ച പൊലീസിനെ വെട്ടിച്ച് ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ ഇര്‍ഫാനെ സാഹസികമായാണ് ഉഡുപ്പി പൊലീസ് പിടികൂടിയത്. നഷ്ടമായ ആഭരണങ്ങള്‍ സഹിതമാണു പ്രതി കുടുങ്ങിയതെന്നറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ക്കു സമാധാനമായി.

Back to top button
error: