കൊച്ചി: സംവിധായകന്‍ ജോഷിയുടെ കൊച്ചിയിലെ പനമ്പിളളി നഗറിലുളള വീട്ടില്‍ വന്‍കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിടിയിലായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് മുന്‍പും മോഷണക്കുറ്റങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
മുന്‍പ് ഇയാള്‍ തിരുവനന്തപുരം കവടിയാറിലുളള ജ്വലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയിരുന്നതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ ഗോവയില്‍ വച്ചാണ് ഇര്‍ഷാദ് പിടിയിലായത്. എന്നാല്‍ സംഭവം കൊവിഡ് സമയത്തായതിനാല്‍ പ്രതിയെ തിരുവനന്തപുരം സിറ്റി പൊലീസിന് കൈമാറാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഇര്‍ഷാദിനെ ഗോവ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇവിടെ നിന്നും ജാമ്യത്തിലിറങ്ങിയതിന് ശേഷവും ഇയാള്‍ മോഷണം തുടരുകയായിരുന്നു. കൃത്യമായി മോഷണം ആസൂത്രണം ചെയ്ത് കവര്‍ച്ച നടത്താന്‍ ഇര്‍ഷാദ് കേമനെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇര്‍ഷാദ് ജോഷിയുടെ വീട്ടില്‍ വന്‍കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് ഇയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും പിടികൂടിയത്.
മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഇര്‍ഷാദ് രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തനിയെ കാറോടിച്ചുപോയ പ്രതി പിടിയിലായത്. കാറിന്റെ ചിത്രങ്ങളും മറ്റുവിവരങ്ങളും ഉള്‍പ്പെടെ പൊലീസ് കര്‍ണാടക പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
ഒരുകോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണവജ്രാഭരണങ്ങളും വാച്ചുകളുമാണ് മോഷണം പോയത്. ഉത്തരേന്ത്യയില്‍ നിന്നെത്തി കവര്‍ച്ച നടത്തി മടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്ന പൊലീസിന്റെ നിഗമനം കൃത്യമായി. എറണാകുളം അസി. പൊലീസ് കമ്മിഷണര്‍ പി. രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.
കവര്‍ച്ച നടക്കുമ്പോള്‍ ജോഷിയും ഭാര്യയും മരുമകളും കുട്ടികളും വീട്ടിലുണ്ടായിരുന്നു. സംഭവദിവസം പുലര്‍ച്ചെ അഞ്ചരയ്ക്ക് ജോഷിയുടെ ഭാര്യ സിന്ധു ഉണര്‍ന്നപ്പോഴാണ് ജനലും അടുക്കള വാതിലും തുറന്നുകിടക്കുന്നതായി കണ്ട് പരിശോധിച്ചത്. ജോഷിയുടെ മകന്‍ അഭിലാഷിന്റെ പരാതിയില്‍ സൗത്ത് പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വീടിന് ചുറ്റുമുള്ള സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിരുന്നു. പൂര്‍ണമായും മുഖം മറയ്ക്കാത്ത മോഷ്ടാവിന്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു.