തിരുവനന്തപുരം: കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുവരും കേരളത്തെകുറിച്ച് നിരന്തരം കള്ളം പറയുന്നു. സംസ്ഥാനത്തിന്റെ നേട്ടങ്ങളെ നുണകൊണ്ട് മൂടാനാണ് മോദി ശ്രമിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടിയാണ് രാഹുല്‍ കേരളത്തില്‍ എത്തിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
”ഇന്ത്യയില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രധാനമന്ത്രി ബിഹാറിനെയും കേരളത്തെയും അപമാനിച്ചു.കേരളത്തില്‍ ഒരു സീറ്റുംകിട്ടില്ലെന്ന വെപ്രാളമാണ് മോദിക്ക്. ബി.ജെ.പി നല്‍കുന്ന പരസ്യങ്ങളിലും സംസ്ഥാനത്തിനെതിരെ ആക്ഷേപം ചൊരിയുന്നു.ഈ തെരഞ്ഞെടുപ്പ് 2019 ന് നേരെ വിപരിതമായ ഫലമാവും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തെറിദ്ധാരണ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. എന്നാല്‍ ജനങ്ങള്‍ അത് തിരിച്ചറിഞ്ഞു. വീണ്ടും തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്..” മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫും മാധ്യമങ്ങളും സംഘ്പരിവാറും ചേര്‍ന്ന ത്രികക്ഷി മുന്നണിയാണ് എല്‍.ഡി.എഫിനെ കടന്നാക്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഡി സതീശന്റെ തലയ്ക്കു എന്തോ പറ്റിയത് കൊണ്ടാണ് ഇലക്ട്രല്‍ ബോണ്ടില്‍ സിപിഎമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്. സതീശന്റെ വാക്കുകള്‍ക്ക് വിശ്വാസ്യതയില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട പരാതികള്‍ ഗൗരവമായി പരിശോധിക്കും. ഡിജിപിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ സര്‍ക്കാരിന് ഇപെടാന്‍ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫിന്റെ വിവാദ വീഡിയോയെക്കുറിച്ച് അറിയില്ലെന്നും അന്വേഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.