പത്തനംതിട്ടയില്‍ യു ഡി എഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കു വേണ്ടി നടത്തിയ പൊതുയോഗത്തിനിടെയാണ് സി എ എ റദ്ദാക്കും എന്ന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്.നേരത്തെ സി എ എയില്‍ കോണ്‍ഗ്രസ് നിലപാടെന്താണെന്നും രാഹുല്‍ സി എ എക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു.
കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മണിപ്പൂരിലെ പ്രശ്നങ്ങളില്‍ ഇടപെടുമെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും സ്ത്രീകളെ ആക്രമിക്കുന്നവരെ സംരക്ഷിക്കുകയാണെന്നും അവർ വിമർശിച്ചു. വാളയാർ, വണ്ടിപ്പെരിയാർ വിഷയങ്ങള്‍ എടുത്ത് പറഞ്ഞായിരുന്നു പ്രിയങ്കയുടെ വിമർശനം. കേരളത്തില്‍ പാർട്ടി പ്രവർത്തകർക്ക് മാത്രമാണ് സർക്കാർ ജോലി കൊടുക്കുന്നത്. ഇവിടെ ജോലി കിട്ടാതെ ആളുകള്‍ വിദേശത്ത് പോകുന്നു. 21 ലക്ഷം ആളുകള്‍ തൊഴില്‍ തേടി പുറത്ത് പോകാൻ നിർബന്ധിതരായെന്നും കേന്ദ്രവും കേരള സർക്കാരും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
‘പിണറായി വിജയനെതിരെ നിരവധി ആരോപണങ്ങള്‍ വന്നു. ലൈഫ് മിഷന് , സ്വര്‍ണ്ണക്കടത്ത് എന്നീ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുക പോലും ഉണ്ടായില്ല. മുഖ്യമന്ത്രിക്കെതിരെ ഒരു കേസ് പോലും എടുത്തില്ല.മോദി സര്‍ക്കാര്‍ എന്ത് കൊണ്ടാണ് പിണറായിയെ ഉപദ്രവിക്കാത്തത്. ഒരു റെയ്ഡ് പോലും നടത്തിയില്ല. തന്റെ സഹോദരന് രാഹുലിനെ മാത്രം പിണറായി ആക്രമിക്കുന്നു- പ്രിയങ്ക ഗാന്ധി പറഞ്ഞു.