IndiaNEWS

സ്വതന്ത്ര സ്ഥാനാര്‍ഥിയായ ലിംഗായത്ത് സന്യാസിക്ക് 9.74 കോടിയുടെ ആസ്തി

ബംഗളൂരു: കർണാടക ധാർവാഡില്‍ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിക്കെതിരെ മത്സരിക്കുന്ന ലിംഗായത്ത് സന്യാസി ഫക്കീര ദിംഗലേശ്വർ സ്വാമിക്ക് 9.74 കോടിയുടെ ആസ്തി.

കഴിഞ്ഞദിവസം നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരം.വീരശൈവ ലിംഗായത്ത് വിഭാഗത്തിന്റെ കീഴിലുള്ള പ്രമുഖ മഠമായ കൊപ്പാലിലെ ഷിരഹട്ടി ഫക്കീരേശ്വർ മഠത്തിലെ സന്യാസിയാണ് ദിംഗലേശ്വർ സ്വാമി.

 രണ്ട് ഇന്നോവ കാർ, ട്രാക്ടർ, സ്കൂള്‍ ബസ്, 7.8 കിലോ വെള്ളി എന്നിവയടക്കം സ്വാമിയുടെ ജംഗമവസ്തുക്കളുടെ മൂല്യം 1.22 കോടിയും ഭൂമി, സ്കൂള്‍ കെട്ടിടം തുടങ്ങിയ സ്ഥാവരവസ്തുക്കളുടെ മൂല്യം 8.52 കോടിയുമാണ്. പത്താം തരം തോറ്റ 48കാരനായ സ്വാമിക്കെതിരെ മൂന്ന് കേസുകളും നിലവിലുണ്ട്.

ബിജെപി വീരശൈവ ലിംഗായത്ത് വിഭാഗത്തെ അടിച്ചമർത്തുകയാണെന്നും ലിംഗായത്ത് മഠങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചാണ് ദിംഗലേശ്വർ സ്വാമി ബി.ജെ.പിക്കെതിരെ മത്സരത്തിനിറങ്ങിയത്. സ്ഥാനാർഥി നിർണയത്തില്‍ ലിംഗായത്ത് അടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ബി.ജെ.പി നല്‍കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.മേയ് ഏഴിനാണ് വടക്കൻ കർണാടക മേഖലയിലെ തെരഞ്ഞെടുപ്പ്.

Back to top button
error: