SportsTRENDING

ദിമിത്രിയോസിനായി വലയെറിഞ്ഞ് മൂന്ന് ക്ലബ്ബുകള്‍; ബ്ലാസ്റ്റേഴ്സിന് മിണ്ടാട്ടമില്ല 

കേരള ബ്ലാസ്റ്റേഴ്സില്‍ മിന്നുംഫോമിലുള്ള കളിക്കാരനാണ് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ്. ഈ സീസണിലെ ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍.

16മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് താരം സ്വന്തമാക്കിയത്. രണ്ടാമതുള്ള ഒഡീഷ എഫ്.സിയുടെ റോയ് കൃഷ്ണയുടെ പേരിൽ 12 ഗോളുകള്‍ ഉണ്ടെങ്കിലും താരം 18 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോളുകള്‍ അടിച്ചത്.കഴിഞ്ഞ സീസണിൽ 12 ഗോളുകളുമായി ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറും ദിമിത്രിയോസായിരുന്നു.

 

ഇപ്പോഴിതാ ദിമിത്രിയോസ്  ക്ലബ്ബ് വിടാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. മൂന്ന് ക്ലബ്ബുകളാണ് ദിമിയുടെ പിന്നാലെ കൂടിയിരിക്കുന്നത്. 2024 മെയ് 31ന് ദിമിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കരാർ അവസാനിക്കും. ഇക്കാര്യം മുന്നില്‍ക്കണ്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ എന്നിവരാണ് ദിമിയെ സ്വന്തക്കാൻ നീക്കങ്ങള്‍ നടത്തുന്നത്.

 

2022 – 2023 ഐ എസ് എല്‍ സീസണിനു മുന്നോടിയായാണ് ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബില്‍ എത്തിയത്. ഒരു വർഷ കരാറില്‍ ആയിരുന്നു താരത്തിന്റെ വരവ്. ആദ്യ സീസണില്‍ മികവ് പുലർത്തിയ താരത്തിന്റെ കരാർ, കേരള ബ്ലാസ്റ്റേഴ്സ് ഒരു സീസണിലേക്ക് കൂടി നീട്ടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന പ്രകടനമാണ് താരം ഈ‌ സീസണിൽ പുറത്തെടുത്തിരിക്കുന്നത്.

 

2022 – 2023 സീസണില്‍ ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിനായി 12 ഗോളുകളും മൂന്ന് അസിസ്റ്റും നടത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ ഇതുവരെ ആകെ 45 മത്സരങ്ങള്‍ കളിച്ച ഈ  സ്ട്രൈക്കർ 32 ഗോള്‍ നേടുകയും ഏഴ് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.സൂപ്പർകപ്പ്,ഡ്യുറാണ്ട് കപ്പ് ഉൾപ്പെടെയാണിത്.

 

അസാധ്യമായ ഫിനിഷിംഗ് മികവാണ് താരത്തെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ദിമിയുടെ മികവാണ് ഈ സീസണില്‍ പലപ്പോഴും ബ്ലാസ്റ്റേഴ്സിന് രക്ഷയായിട്ടുള്ളതും.2012 മുതല്‍ തുടങ്ങിയ പ്രെഫഷണല്‍ കരിയറില്‍ ദിമിക്ക് ഏറ്റവും മികച്ച റെക്കോഡുള്ളത് കേരള ബ്ലാസ്റ്റേഴ്സിലാണ്. 50ന് മുകളിലാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: