NEWSWorld

കോവിഡുമായുള്ള 613 ദിവസം നീണ്ട പോരാട്ടം; ഒടുവില്‍ മരണത്തിന് കീഴടങ്ങി വയോധികന്‍

ആംസ്റ്റര്‍ഡാം: ഏറ്റവുമധികം കാലം കോവിഡിനോട് മല്ലിട്ടതിന്റെ റെക്കോഡുമായി ജീവിച്ച എഴുപത്തിരണ്ടുകാരന്‍ വിടവാങ്ങി. ഡച്ചുകാരനായ ഇദ്ദേഹം 613 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് മരണമടഞ്ഞത്.

ഇദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നത്തേക്കുറിച്ച് ആംസ്റ്റര്‍ഡാം സര്‍വകലാശാല മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ബാഴ്‌സലോണയില്‍ വച്ച് നടക്കാനിരിക്കുന്ന മെഡിക്കല്‍ സമ്മിറ്റില്‍ ഗവേഷണത്തിലെ കണ്ടെത്തലുകള്‍ അവതരിപ്പിക്കും.

Signature-ad

2022 ഫെബ്രുവരിയിലാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുന്നത്. ഇതിനുമുമ്പ് രക്തത്തെ ബാധിക്കുന്ന തകരാറും ഉണ്ടായിരുന്നു. കോവിഡ് ബാധിച്ചതിനുപിന്നാലെ അമ്പതു പ്രാവശ്യത്തിലേറെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

ഇരുപതുമാസത്തോളമാണ് ദീര്‍ഘകാല കോവിഡുമായി വയോധികന്‍ ജീവിച്ചത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും നീളമേറിയ കോവിഡ് കാലയളവും ഇദ്ദേഹത്തിന്റേതാണ്. നേരത്തേ 505 ദിവസത്തെ കോവിഡ് പോരാട്ടത്തിനൊടുവില്‍ മരണപ്പെട്ട ബ്രിട്ടീഷ് പൗരന്റെ വാര്‍ത്ത പുറത്തുവന്നിരുന്നു. അതിനേയും മറികടക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ പോരാട്ടം.

ഒമിക്രോണ്‍ വകഭേദം ബാധിക്കുന്നതിനുമുമ്പേ പലവിധ വാക്‌സിനുകള്‍ സ്വീകരിച്ചിരുന്നുവെങ്കിലും പ്രതിരോധശക്തി പാടേ നഷ്ടപ്പെടുകയായിരുന്നു. കോവിഡ് ആന്റിബോഡ് ട്രീറ്റ്‌മെന്റായ സോട്രോവിമാബിനെപ്പോലുള്ള ചികിത്സകളേയെല്ലാം പ്രതിരോധിക്കുന്നതായിരുന്നു ഈ വൈറസ്.

വകഭേദം സംഭവിച്ച വൈറസ് മറ്റുള്ളവരിലേക്ക് പടര്‍ന്നില്ലെങ്കിലും ഈ മഹാമാരിയുടെ ജനിതകമാറ്റം എത്രത്തോളം തീവ്രമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് ഗവേഷകര്‍ പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവരില്‍ സാര്‍സ്-കോവ് 2 അണുബാധ തുടരെയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.

കോവിഡ് സ്ഥിരീകരിച്ച അമേരിക്കയിലെ ഇരുപത്തിനാലു ശതമാനത്തോളം പൗരന്മാരിലും ലക്ഷണങ്ങള്‍ മൂന്നുമാസത്തിലേറെ നീണ്ടുനിന്നിട്ടുണ്ടെന്നും(ലോങ് കോവിഡ്) ഗവേഷകര്‍ പറയുന്നു.

 

Back to top button
error: