ദുഖവും സന്തോഷവും പരസ്പര പൂരകം, ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞാൽ നഷ്ടപ്പെട്ട ശാന്തിയും സമാധാനവും തിരിച്ചു കിട്ടും
വെളിച്ചം
വിഷാദരാഗത്തിന് ചികിത്സ തേടിയാണ് അയാള്‍ കൗണ്‍സിലറെ കാണാനെത്തിയത്. ജോലി, മക്കളുടെ വിദ്യാഭ്യാസം, മുടങ്ങിക്കിടക്കുന്ന വായ്പകൾ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം അയാള്‍ പങ്ക് വെച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ കൗണ്‍സിലര്‍ പറഞ്ഞു:
“നിങ്ങളുടെ കൂടെ പത്താക്ലാസ്സില്‍ പഠിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഒരുമാസം കഴിഞ്ഞ് വീണ്ടും വരൂ…”
താന്‍ ശേഖരിച്ച വിവരങ്ങളുമായി വീണ്ടും കൗണ്‍സിലറുടെ അടുത്തെത്തിയ അയാള്‍ പറഞ്ഞു:
“ഞങ്ങളുടെ ബാച്ചിലെ ഇരുപതുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു പങ്കാളികളില്ല. അഞ്ചുപേര്‍ ലഹരിക്കടിമകളാണ്. കുറച്ചുപേര്‍ ധനികരായി. പക്ഷേ, അവരില്‍ പലരും രോഗബാധിതരാണ്. പിന്നെ മൂന്നുപേരുടെ മക്കള്‍ ജയിലിലാണ്….”
ഇതെല്ലാം കേട്ടപ്പോള്‍ കൗണ്‍സിലര്‍ ചോദിച്ചു:
“ഇപ്പോള്‍ നിങ്ങളുടെ വിഷാദരോഗം എങ്ങനെയുണ്ട്?”
അതോടെ തന്റെ അസുഖം ഭേദമായതായി സ്വയം തിരിച്ചറിഞ്ഞ അയാള്‍ അവിടെ നിന്നിറങ്ങി.
എന്തിനാണ് അപരന്റെ പാത്രത്തില്‍ നോക്കി നാം ആഹാരം കഴിക്കുന്നത്…? എല്ലാവരേയും ഒരേപോലെ വിരുന്നൂട്ടുന്ന ഒരു സദ്യയുമില്ല.
ജീവിതം വ്യക്തിഗതമാണ്. ഒന്നും ഒരുപോലെയല്ല. ഒരേ ആത്മകഥ ആര്‍ക്കും എഴുതാനാകില്ല. നമ്മുടെ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളോട് നമുക്ക് താല്‍പര്യമില്ലെങ്കിലും നാമത് അംഗീകരിച്ചേ പറ്റൂ.. ദുഃഖിക്കാനൊരു കാരണവുമില്ലാതെ ഒരു ദിനവും ആര്‍ക്കുമുണ്ടാകില്ല. സന്തോഷിക്കാനൊരു കാരണവുമില്ലാത്ത ഒരു ദിനവും ഉണ്ടാകില്ല. എന്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നതിലാണ് കാര്യം. നമുക്കായി ഈശ്വരന്‍ ഒരുക്കിവെച്ച ഒരു സദ്യയുണ്ടാകും… അത് ആസ്വദിച്ച് കഴിക്കുക… അതില്‍ സന്തോഷം കണ്ടെത്തുക… അതില്‍ തൃപ്തരാകുക.
ആത്മവിശ്വാസം നിറഞ്ഞ ശുഭദിനം നേരുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ