ന്യൂഡൽഹി: 18-ാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 സീറ്റുകളിൽ നടന്ന വോട്ടെടുപ്പിൽ 60.03 ശതമാനം പോളിങ് രേഖപ്പെടുത്തി. വൈകുന്നേരം 7 മണിവരെയുള്ള കണക്കാണിത്. അന്തിമ കണക്കിൽ മാറ്റം വന്നേക്കാം.
ത്രിപുരയിലാണ് ഏറ്റവും കൂടിയ പോളിങ്. ഏഴു മണിവരെയുള്ള കണക്കുകൾ പ്രകാരം 79.90 ശതമാനം ആണ് അവിടുത്തെ പോളിങ്. ബിഹാറിലാണ് ഏറ്റവും കുറവ്, 47.49 ശതമാനം മാത്രം. ബംഗാളിൽ 77.57, അസമിൽ 70.77, മണിപ്പുരിൽ 68.62 ശതമാനവും പോളിങ് രേഖപ്പെടുത്തി. തമിഴ്നാട്ടിൽ 62.19 ശതമാനം വോട്ടു രേഖപ്പെടുത്തി.
കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. പൂജ്യം ശതമാനം പോളിങ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. ഈസ്‌റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.
കിഴക്കന്‍ മേഖലയിലെ ഏഴ് ഗോത്രവര്‍ഗ സംഘടനകളുടെ ഉന്നത ബോഡിയാണ് ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍. പ്രത്യക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയത്.
തമിഴ്നാട്ടിലെ മുഴുവൻ സീറ്റുകളിലും (39), രാജസ്ഥാൻ (12), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (6), ഉത്തരാഖണ്ഡ് (5), അസം (5), മഹാരാഷ്ട്ര (5), ബിഹാർ (4), പശ്ചിമ ബംഗാൾ (3), മണിപ്പൂർ (2) അരുണാചൽ പ്രദേശ് (2), മേഘാലയ (2), ത്രിപുര (1), ജമ്മു കശ്മീർ (1), ഛത്തീസ്ഗഢ് (1) ആൻഡമാൻ നിക്കോബാർ ദ്വീപ് (1), മിസോറം (1), നാഗാലാൻഡ് (1), പുതുച്ചേരി (1), സിക്കിം (1), ലക്ഷദ്വീപ് (1) എന്നിവിടങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്.
അനിഷ്ട സംഭവങ്ങൾ
ബംഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പിനിടെ ബിജെപി – തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. കൂച്ച് ബെഹാറിൽ ആണ് സംഘർഷമുണ്ടായത്. മണിപ്പൂരിലെ ബിഷ്ണുപുരിൽ പോളിങ് സ്റ്റേഷന് സമീപം വെടിവെപ്പുണ്ടായി. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റിൽ പോളിങ് സ്റ്റേഷൻ ആക്രമിച്ചു. തമിഴ്നാട്ടിലെ സേലത്ത് വോട്ട് രേഖപ്പെടുത്താനെത്തിയ രണ്ട് വയോധികർ പോളിങ് ബൂത്തിൽവെച്ചു മരണപ്പെട്ടു.
ബിജെപി 400 നേടുമോ
കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ ഇക്കുറി 543ൽ 400 സീറ്റുകളാണ് ലക്ഷ്യമിടുന്നത്. ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകളും ലക്ഷ്യംവെക്കുന്നു. 2019ൽ 353 സീറ്റുകളിലാണ് എൻഡിഎ വിജയിച്ചത്. ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകളിലാണ് വിജയിച്ചത്. ഹിന്ദി ഹൃദയഭൂമിയിൽനിന്ന് പരമാവധി സീറ്റുകൾ തൂത്തുവാരാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് 25ൽ 22 സീറ്റുകളാണ് ബിജെപിയുടെ ലക്ഷ്യം. പശ്ചിമ ബംഗാളിൽ തൃണമൂലിൻ്റെ അപ്രമാദിത്വം തകർത്ത് മുന്നേറാനും ഒഡീഷയിൽ മികച്ച മുന്നേറ്റം നടത്താനും ബിജെപി ലക്ഷ്യമിടുന്നു. ദക്ഷിണേന്ത്യയിൽ കർണാടകത്തിൽ മികച്ച വിജയമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. തമിഴ്നാട്, കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽനിന്ന് പരമാവധി സീറ്റുകൾ പിടിച്ചു നില മെച്ചപ്പെടുത്താനും ബിജെപി ലക്ഷ്യവെക്കുന്നു.
ഇന്ത്യ സഖ്യത്തിൻ്റെ പ്രതീക്ഷ
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ താഴെയിറക്കാനായി അരയും തലയും മുറുക്കിയുള്ള പ്രചാരണമാണ് പ്രതിപക്ഷ കക്ഷികളുടെ ഇന്ത്യ സഖ്യം നടത്തിയത്. പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ സഖ്യത്തിന് തിരിച്ചടിയേറ്റെങ്കിലും പരമാവധി പ്രതിപക്ഷ കക്ഷികളെ സഖ്യത്തിലേക്ക് ചേർക്കാനായിട്ടുണ്ട്. ബിഹാറിൽ നിതീഷ് കുമാറിൻ്റെ പിന്മാറ്റവും ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള മമത ബാനർജിയുടെ തീരുമാനവും സഖ്യത്തിന് കല്ലുകടിയായി. അതിനിടെ, മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതും സഖ്യത്തിന് വെല്ലുവിളിയായി. ദക്ഷിണേന്ത്യയിൽ തമിഴ്നാട്ടിലടക്കം മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് സഖ്യത്തിന്റെ പ്രതീക്ഷ.