CrimeNEWS

അറസ്റ്റിലായാല്‍ താന്‍ അകത്താക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോയെന്ന് ആശങ്ക; മുന്‍ സിഐ ജീവനൊടുക്കിയത് അറസ്റ്റ് ഭയന്ന്

തിരുവനന്തപുരം: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുന്‍ സിഐ ജീവനൊടുക്കിയത് അറസ്റ്റ് ഭയന്ന്. കരകുളം പുരവൂര്‍ക്കോണം ഇ.ആര്‍.ഡബ്ല്യു.എ. ഹൗസ് നമ്പര്‍ 10-ല്‍ എ.വി. സൈജുവാണ് (47) മരിച്ചത്. എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനു സമീപമുള്ള അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് ബുധനാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

പീഡനക്കേസില്‍ ജാമ്യം ലഭിക്കാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ ചൊവ്വാഴ്ച സൈജുവിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിരുന്നു. കേസിന്റെ വിധിയെക്കുറിച്ച് അറിയാനാണ് ചൊവ്വാഴ്ച സൈജു കൊച്ചിയിലെത്തിയത്. ചില സുഹൃത്തുക്കളെ കാണുകയും ചെയ്തിരുന്നു. അറസ്റ്റ് ഭയന്നാണ് സൈജു ആത്മഹത്യ ചെയ്തതെന്നാണ് സൂചന. അറസ്റ്റിലായാല്‍ താന്‍ മുന്‍പ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക അടുത്ത സുഹൃത്തുക്കളുമായി സൈജു പങ്കുെവച്ചിരുന്നു. എറണാകുളം കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടറായും സൈജു നേരത്തേ ജോലി ചെയ്തിരുന്നു.

Signature-ad

മലയിന്‍കീഴ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ. ആയിരിക്കുമ്പോഴാണ് സൈജു ലൈംഗിക പീഡനക്കേസില്‍ പ്രതിയായത്. വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ നാട്ടിലെത്തി തന്റെ ഒരു കടമുറി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മലയിന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കി. സൈജു ഇടപെട്ട് കടമുറി ഒഴിപ്പിച്ചു നല്‍കി.

തുടര്‍ന്ന് താനുമായി അടുപ്പത്തിലാവുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് ഡോക്ടറുടെ പരാതി. ഈ കേസില്‍ 2022 നവംബറില്‍ സൈജുവിനെ സസ്പെന്‍ഡ് ചെയ്തു. ഇതിനുശേഷം കുടുംബസുഹൃത്തായ സ്ത്രീയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ സൈജുവിനെതിരേ നെടുമങ്ങാട് പോലീസും കേസെടുത്തിരുന്നു. ഈ കേസ് 11 മാസം മുന്‍പ് കോടതി റദ്ദ് ചെയ്തു.

മലയിന്‍കീഴ് സ്റ്റേഷനിലെ കേസിന്റെ ജാമ്യത്തിനായി ഹൈക്കോടതിയില്‍ നല്‍കാന്‍ സ്റ്റേഷനിലെ ഫയലുകളില്‍ ക്രമക്കേട് വരുത്തിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം കോടതി ജാമ്യം റദ്ദാക്കിയത്.

 

Back to top button
error: